തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് ആശ്വാസമായി സന്നിധാനത്തും പമ്പയിലും ഉൾപ്പെടെയുള്ള ഇടങ്ങളിലെ ശുചിമുറികളും കുളിമുറികളും സൗജന്യമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിലവിൽ പണം നൽകി ഉപയോഗിച്ചിരുന്ന എല്ലാ ശുചിമുറികളും കുളിമുറികളും ഇനി സൗജന്യമായി ഉപയോഗിക്കാം.
ശബരിമല സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, പരമ്പരാഗത പാത എന്നിവിടങ്ങളിലാണ് സൗജന്യ സേവനം ലഭ്യമാകുക. ഇതൊരു വിപ്ലവകരമായ തീരുമാനമാണെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
ശബരിമലയിലെ ശുചിമുറികളുടെ ശോച്യാവസ്ഥയെക്കുറിച്ചും ഉപയോഗത്തിന് പണം ഈടാക്കുന്നതിനെക്കുറിച്ചും വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോർഡിന്റെ പുതിയ തീരുമാനം.
അതേസമയം, താൽപര്യമുള്ള ഭക്തർക്ക് ശുചിമുറി സേവനങ്ങൾക്കായി സംഭാവന നൽകാനുള്ള അവസരവും ഉണ്ടായിരിക്കും. പുതിയ തീരുമാനം തീർത്ഥാടകർക്ക് സാമ്പത്തിക ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.



