ന്യൂഡൽഹി: കുട്ടികളുടെ ഇന്റര്നെറ്റ് ഉപയോഗം തടയാനാകില്ലെന്ന് സുപ്രീംകോടതി. ഇന്റര്നെറ്റ് ലഭ്യത കുട്ടികളുള്പ്പെടെയുള്ളവരുടെ മൗലികാവകാശമാണെന്നും പ്രായഭേദമന്യേ ഇന്റര്നെറ്റ് ലഭ്യമാക്കണമെന്നും സുപ്രീംകോടതി അറിയിച്ചു. പ്രായം മുന്നിര്ത്തി ഇന്റര്നെറ്റ് ലഭ്യമാക്കാതിരിക്കാനാവില്ല. നിയന്ത്രിക്കേണ്ടത് ഇന്റര്നെറ്റ് അല്ലെന്നും ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്നും കോടതി പറഞ്ഞു. പ്രായപരിധി പരിശോധിക്കുന്നതിന് വ്യക്തിഗത വിവരങ്ങള് ശേഖരിക്കാനാവില്ലെന്നും അത് സ്വകാര്യതാ ലംഘനമാകുമെന്നും വിധിയിലുണ്ട്. 2024 ലെ കേന്ദ്രസര്ക്കാര് മാര്ഗനിര്ദേശങ്ങള് ചോദ്യം ചെയ്ത് നടത്തിയ ഹര്ജിയിലാണ് ജസ്റ്റിസുമാരായ ജെ ബി പര്ദി വാല, കെ വിനോദ് ചന്ദ്രന് എന്നിവരുടെ സുപ്രധാന വിധിന്യായം.
നിയമം മൂലം ഇന്റര്നെറ്റ് നിരോധിച്ചാലും കുട്ടികള് നിയമം മൂലം സുരക്ഷിതമല്ലാത്ത മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് മാറും. ഇത് കൂടുതല് അപകടകരമായ സാഹചര്യമുണ്ടാക്കും. ഇന്റര്നെറ്റ് ഉപയോഗിച്ചതിന് മാതാപിതാക്കള് ശിക്ഷിക്കുമെന്ന ഭയം കാരണം ഓണ്ലൈന് ചൂഷണങ്ങള്ക്ക് ഇരയാകാനുള്ള സാധ്യതയുമുണ്ട്. ഇത് പോക്സോ കേസിന്റെ ലക്ഷ്യത്തെ തന്നെ ബാധിക്കുമെന്ന് സുപ്രീകോടതി ചൂണ്ടിക്കാട്ടി. പൂര്ണമായ നിരോധനത്തിനു പകരം മാതാപിതാക്കളുടെ മേല്നോട്ടവും അനുബന്ധ സംവിധാനങ്ങളുമാണ് വേണ്ടത്. മാത്രമല്ല, കുട്ടികള്ക്കായി പ്രത്യേക ചൈല്ഡ് മോഡ് സംവിധാനവും ഏര്പ്പെടുത്താം. ഇതില് അക്കൗണ്ടുകള് സ്വകാര്യമായിരിക്കുക, മുതിര്ന്നവരുടെ സന്ദേശങ്ങള് നിയന്ത്രിക്കുക, പരസ്യങ്ങള് നിയന്ത്രിക്കുക എന്നിവയും സുപ്രീംകോടതി മുന്നോട്ട് വയ്ക്കുന്നു. മാത്രമല്ല, കുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങള് കണ്ടെത്തി നീക്കം ചെയ്യാനും നിര്ദേശമുണ്ട്.



