കൊല്ലം: പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ സിപിഎം കൊല്ലം ജില്ലാ വിപുലീകൃത കമ്മിറ്റി യോഗത്തിൽ പ്രതിനിധികളുടെ വിമർശനം. പിണറായി മാത്രമല്ല പാർട്ടിയെന്ന് യോഗത്തിൽ പ്രതിനിധികൾ വിമർശനമുന്നയിച്ചു. ടി.വീണയുടെ പ്രവർത്തികൾ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി. സർക്കാരിനെ തിരുത്താൻ പാർട്ടിക്ക് കഴിയാത്തതാണ് ദയനീയ പരാജയത്തിന്റെ കാരണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ലെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
അതിനിടെ ഡൽഹി സമരത്തിൽ പങ്കെടുത്തതിന് ശേഷം ആദ്യമായി കണ്ണൂരിലെത്തിയ പിണറായി വിജയന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. സിപിഎം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. പിണറായിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുള്ള പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ സ്വീകരിക്കാൻ എത്തിയത്. സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ രാഗേഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ, സംസ്ഥാന സമിതി അംഗങ്ങളായ പി. ശശി ,എൻ ചന്ദ്രൻ, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.



