ഡൽഹി : കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി വിയറ്റ്നാമിൽനിന്ന് നാളെ ഡൽഹിയിൽ തിരിച്ചെത്തിയേക്കും. വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് രാഹുൽ വിയറ്റ്നാമിലേക്ക് പോയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിദേശത്തുള്ള അദ്ദേഹം നാളെയോടെ മടങ്ങിയെത്തുമെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽനിന്നുള്ള വിവരം.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണിയുടെ പ്രതിഷേധങ്ങൾക്കിടയിലായിരുന്നു രാഹുൽ ഗാന്ധിയുടെ വിദേശയാത്ര. ഇതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. രാജ്യത്ത് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയശേഷം രാഹുൽ അവധിക്കായി വിദേശത്തേക്ക് പോയെന്നാണ് ബിജെപിയുടെ ആരോപണം.
രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം യാത്രയെക്കുറിച്ച് നേരത്തെ മാധ്യമങ്ങൾ ചോദിച്ചപ്പോൾ, താനൊരു ട്രാവൽ ഏജന്റല്ലെന്നും ഇക്കാര്യം തന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു കോൺഗ്രസ് എംപി ശശി തരൂരിന്റെ മറുപടി.



