തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖല യുഡിഎഫ് സർക്കാരിന്റെ കാലത്ത് കുത്തഴിഞ്ഞുവെന്ന ഇടത് മന്ത്രിസഭകളിലെ മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണം തള്ളി ആരോഗ്യമന്ത്രി കെ മുരളീധരൻ. താൻ ആരോഗ്യ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാൻ ഉദ്ദേശിക്കുന്നില്ലെന്നും മുരളീധരൻ വ്യക്തമാക്കി. കോൺഗ്രസ് പാർട്ടിയാണ് തന്നെ മന്ത്രിയാക്കിയത്. മുൻ ഇടതുസർക്കാരിന്റെ കാലത്തേത് പോലെ സർജറിക്ക് ഒപ്പം കത്രിക ഫ്രീയായി ഇട്ടു കൊടുക്കുന്ന പരിപാടി ഇപ്പോഴില്ലെന്നും മുരളീധരൻ പരിഹസിച്ചു.
ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് മുൻ ആരോഗ്യമന്ത്രിമാരായ പി കെ ശ്രീമതിയും കെ കെ ശൈലജയും വീണ ജോർജും കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തിയിരുന്നു. ജീവൻരക്ഷാ മരുന്നുകൾ ലഭിക്കാതെ രോഗികൾ വലയുമ്പോഴും, സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന നിരുത്തരവാദപരമായ സമീപനത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നതെന്ന് പി കെ ശ്രീമതി പറഞ്ഞു. എസ്എംഎ ബാധിതരായ കുട്ടികൾക്ക് ‘ക്ലിനിക്കൽ ട്രയൽ ഒൺലി’ എന്ന് രേഖപ്പെടുത്തിയ മരുന്നുകൾ വിതരണം ചെയ്ത സംഭവം വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് ഇടതുമന്ത്രിമാരുടെ ആരോപണം.
എൽഡിഎഫ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകിയിരുന്നു. കഴിഞ്ഞ പത്ത് കൊല്ലത്തിനിടയിൽ കേരളത്തിൽ മരുന്നില്ലെന്ന ഒരു പരാതിപോലും കേൾക്കേണ്ടി വന്നിട്ടില്ല. മരുന്ന് ടെൻഡർ ചെയ്ത് വാങ്ങേണ്ട ഉത്തരവാദിത്വം ഹെൽത്ത് പ്രിൻസിപ്പൾ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ്. എന്നാൽ യുഡിഎഫ് ഭരണത്തിൽ ഈ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് അഴിമതിയും മരുന്നുവിതരണത്തിലെ വീഴ്ചകളും അരങ്ങേറുന്നതെന്നാണ് ഇടത് മന്ത്രിമാരുടെ ആരോപണം.



