ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി നടത്താനിരിക്കുന്ന മഹാറാലിയും പ്രതിഷേധങ്ങളും മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ. നവംബർ ഒന്നിന് രാംലീല മൈതാനത്ത് നിശ്ചയിച്ചിരിക്കുന്ന റാലിയും സമരങ്ങളും ദീപാവലി പ്രമാണിച്ച് നവംബർ 10 വരെ ഒഴിവാക്കണമെന്നാണ് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രിയുടെ ആവശ്യം.
ദീപാവലിക്ക് മുന്നോടിയായി വലിയ ജനക്കൂട്ടവും ഗതാഗത നിയന്ത്രണങ്ങളും വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വ്യാപാരികളുടെ ആശങ്ക. നവംബർ ആറിനാണ് ധൻതേരസ്. നവംബർ എട്ടിന് ദീപാവലിയും. ധൻതേരസ് ദിനത്തിൽ ഡൽഹിയിൽ സാധാരണയായി 25,000 കോടി രൂപയിൽ കുറയാത്ത വ്യാപാരം നടക്കാറുണ്ടെന്ന് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ബ്രിജേഷ് ഗോയൽ രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
സ്വർണം, വെള്ളി, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, വസ്ത്രങ്ങൾ, മധുരപലഹാരങ്ങൾ, ഉണക്കപ്പഴങ്ങൾ, വാഹനങ്ങൾ, വീടുകൾ, ഭൂമി, ഗൃഹോപകരണങ്ങൾ, ഉപഹാരങ്ങൾ തുടങ്ങിയവയുടെ വിൽപ്പന ധൻതേരസ് കാലത്ത് വർധിക്കാറുണ്ട്. ഇത്തവണയും 25,000 കോടി രൂപയിലധികം വ്യാപാരം പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ റാലിയും പ്രതിഷേധങ്ങളും വിപണിയെ ബാധിക്കുമെന്ന് വ്യാപാരികൾ പറയുന്നു.
പ്രതിഷേധങ്ങൾ മൂലം വ്യാപാരമേഖലയ്ക്ക് 10,000 കോടി രൂപയുടെ നഷ്ടമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഗോയൽ മുന്നറിയിപ്പ് നൽകി. ഒക്ടോബറിൽ ഇതുവരെ വിവിധ സമരങ്ങളും റാലികളും കാരണം വ്യാപാരികൾക്ക് 3,000 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു.



