യുപി വോട്ടർ പട്ടികയിൽ വീണ്ടും പിഴവ്; വികാസ് യാദവ് എന്ന പേരിൽ 11 പേർ, ഉദ്യോഗസ്ഥർക്കെതിരെ നടപടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: ഉത്തർപ്രദേശിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണമായ എസ്‌ഐആറിനിടെ വീണ്ടും ക്രമക്കേട് കണ്ടെത്തിയതായി റിപ്പോർട്ട്. അസംഗഡ് നിയമസഭാ മണ്ഡലത്തിൽ ‘വികാസ് യാദവ്’ എന്ന ഒരേ പേരിലും വിലാസത്തിലും 11 പേരെ വോട്ടർമാരായി ചേർത്തതായാണ് കണ്ടെത്തൽ. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പിഴവ് സ്ഥിരീകരിച്ചതായാണ് വിവരം.

സംഭവത്തിൽ അഞ്ച് ബൂത്ത് ലെവൽ ഓഫീസർമാരെയും (ബിഎൽഒ) ഒരു കമ്പ്യൂട്ടർ അസിസ്റ്റന്റിനെയും ചുമതലയിൽനിന്ന് മാറ്റാൻ നടപടി സ്വീകരിക്കും. പിഴവുമായി ബന്ധപ്പെട്ട് ഒരു ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്കും രണ്ട് അസിസ്റ്റന്റ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കുമെതിരെ വകുപ്പുതല നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇവർക്കെതിരെ കേസെടുക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അസംഗഡ് മണ്ഡലത്തിൽ യഥാർഥത്തിൽ വികാസ് യാദവ് എന്ന പേരിൽ ഒരാൾ മാത്രമാണുള്ളതെന്നാണ് കണ്ടെത്തൽ. എന്നാൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി സമർപ്പിച്ച 11 പേരുടെ വിവരങ്ങൾ ഒരേ പേരിലും വിലാസത്തിലും രേഖപ്പെടുത്തുകയായിരുന്നു. പത്ത് വോട്ടർമാരുടെ വിവരങ്ങളാണ് തെറ്റായി രേഖപ്പെടുത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ജനനത്തീയതി ഉൾപ്പെടെയുള്ള വിവരങ്ങളും ഒരേ രീതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിഴവ് സമയബന്ധിതമായി തിരുത്തിയില്ലെങ്കിൽ ബന്ധപ്പെട്ട വോട്ടർമാർക്ക് വോട്ടവകാശം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നതാണ് ആശങ്ക.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ അസംഗഡ് ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടർ പട്ടിക വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

യുപിയിൽ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ കണ്ടെത്തുന്നത് ഇതാദ്യമല്ല. നേരത്തെ പിലിഭിത്ത് മണ്ഡലത്തിൽ ഇലക്ടർ ഫോട്ടോ ഐഡന്റിറ്റി കാർഡ് (ഇപിഐസി) നമ്പർ നിലനിർത്തിക്കൊണ്ട് 10,470 വോട്ടർമാരുടെ പേരുകൾ മാറ്റിയതായി കണ്ടെത്തിയിരുന്നു. കോൺഗ്രസ് ആരോപണം ഉന്നയിച്ചതിനു പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ പിഴവ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ മൂന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിരുന്നു.

ഫോം എട്ട് വഴി ക്രമരഹിതമായി രേഖപ്പെടുത്തിയ എൻട്രികൾ തിരുത്താൻ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചിരുന്നു. രണ്ട് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കെതിരെ വകുപ്പുതല നടപടികൾക്കും ഉത്തരവിട്ടിരുന്നു. അസിസ്റ്റന്റ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ പങ്ക് പരിശോധിക്കാനും അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു.

പിലിഭിത്തിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെ വോട്ടുകൾ വ്യാപകമായി വെട്ടിമാറ്റിയെന്ന ആരോപണവും ഉയർന്നിരുന്നു. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെപ്പോലും സ്വാധീനിക്കാൻ കഴിയുന്ന തരത്തിലുള്ള മാറ്റങ്ങളാണ് നടന്നതെന്ന വിലയിരുത്തലും ഉയർന്നു. അസംഗഡിലെ പുതിയ കണ്ടെത്തലോടെ ഉത്തർപ്രദേശിലെ വോട്ടർ പട്ടികയുടെ കൃത്യതയും പരിഷ്‌കരണ നടപടികളുടെ സുതാര്യതയും വീണ്ടും ചർച്ചയാകുകയാണ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News