ഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര ലഹരിമാഫിയക്കെതിരെ സുരക്ഷാ ഏജൻസികളുടെ സംയുക്ത നീക്കം. ‘ഓപ്പറേഷൻ ട്രൈഡന്റ്’ എന്ന പേരിൽ അസം, മിസോറം, മണിപ്പൂർ സംസ്ഥാനങ്ങളിലെ 38 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ലഹരി സിൻഡിക്കേറ്റുമായി ബന്ധമുള്ള 18 പേരെ പിടികൂടി. ലഹരിക്കടത്തിലൂടെ സമ്പാദിച്ച പണവും ഹവാല ഇടപാടുകളും ലക്ഷ്യമിട്ടായിരുന്നു നടപടി.
കേന്ദ്ര അന്വേഷണ ഏജൻസികളും മൂന്ന് സംസ്ഥാനങ്ങളിലെ പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ആഴ്ചകൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ലഹരി ശൃംഖലയിലെ പ്രധാനികളെന്ന് സംശയിക്കുന്നവരെ അന്വേഷണ സംഘം പിടികൂടിയത്. ഇന്ത്യ–മ്യാൻമർ–ബംഗ്ലാദേശ് അതിർത്തി മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനമെന്നാണ് റിപ്പോർട്ട്.
പരിശോധനയിൽ ഏകദേശം 100 കോടി രൂപയുടെ ഹവാല ഇടപാടുകൾ കണ്ടെത്തിയതായാണ് വിവരം. ഇതിന്റെ ഭാഗമായി 1,424 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. 17.82 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി. കൂടാതെ 12 ലക്ഷം രൂപയും 500 ഡിറ്റണേറ്ററുകളും പിടിച്ചെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. ലഹരിക്കടത്തും അനധികൃത സാമ്പത്തിക ഇടപാടുകളും തമ്മിലുള്ള ബന്ധം പുറത്തുകൊണ്ടുവരുന്നതിൽ നടപടി നിർണായകമാണെന്നാണ് വിലയിരുത്തൽ.
വടക്കുകിഴക്കൻ അതിർത്തികൾ വഴി രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തുന്ന ശൃംഖലകളെ തകർക്കുകയാണ് ഓപ്പറേഷന്റെ പ്രധാന ലക്ഷ്യം. ലഹരിവ്യാപാരത്തിലൂടെ സമ്പാദിക്കുന്ന പണം ഹവാല ഇടപാടുകളിലൂടെ കൈമാറുന്നതും അന്വേഷണ പരിധിയിലുണ്ട്. അതിർത്തി കടന്നുള്ള ലഹരിക്കടത്തിനെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
2029 ഡിസംബർ 31-നകം ഇന്ത്യയെ പൂർണമായും ലഹരിമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. രാജ്യത്തുടനീളം ലഹരിക്കടത്തിനെതിരായ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ഏജൻസികളും സംസ്ഥാന പൊലീസും ഏകോപിതമായി പ്രവർത്തിക്കുന്നത്.
ലഹരിമാഫിയയുടെ സാമ്പത്തിക ശൃംഖലയും അതിർത്തി കടന്നുള്ള വിതരണ സംവിധാനവും ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ വരും ദിവസങ്ങളിലും ശക്തമാകുമെന്നാണ് സൂചന.



