തിരുവനന്തപുരം: ഗവർണർ രാഷ്ട്രപതിക്ക് നൽകിയ പുറത്താക്കൽ ശുപാർശക്കെതിരെ നിയമോപദേശം തേടാൻ പിഎസ്സി ചെയർമാൻ. ഗവർണറുടെ നടപടി ഭരണഘടനാപരമായ വ്യവസ്ഥകൾക്ക് അനുസൃതമായിരിക്കണമെന്ന നിലപാടിലാണ് ചെയർമാന്റെ നീക്കം. സംസ്ഥാന പിഎസ്സി ചെയർമാനെയും 15 അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയത്.
ആസൂത്രണ ബോർഡിലെ നിയമനം ഉൾപ്പെടെ വിവിധ നിയമനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് ഗവർണറുടെ അസാധാരണ നടപടിക്ക് പിന്നിലെന്നാണ് റിപ്പോർട്ട്. പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുറത്താക്കൽ ശുപാർശ നൽകിയിരിക്കുന്നത്.
സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകുന്നത്.
ഗവർണറുടെ നടപടിയുടെ നിയമസാധുത പരിശോധിക്കുന്നതിനും തുടർനടപടികൾ തീരുമാനിക്കുന്നതിനുമാണ് പിഎസ്സി ചെയർമാൻ നിയമോപദേശം തേടുന്നത്. വിഷയത്തിൽ ഭരണഘടനാപരമായ വശങ്ങൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.



