മൊഹാലി: ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് വധഭീഷണി. ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ടയാളാണ് കെജ്രിവാളിനെയും മകളെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ഏഴ് കോടി രൂപ മോചനദ്രവ്യമായി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഡൽഹിയിലെ തിലക് നഗർ എംഎൽഎ ജർണൈൽ സിങ്ങിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഫോൺ കോളിലൂടെയും വാട്സ്ആപ്പ് സന്ദേശത്തിലൂടെയുമായിരുന്നു ഭീഷണി. ഏഴ് കോടി രൂപ നൽകിയില്ലെങ്കിൽ കെജ്രിവാളിനെയും മകൾ ഹർഷിതയെയും കൊലപ്പെടുത്തുമെന്നായിരുന്നു സന്ദേശം.
നവംബർ ആറിന് മൊഹാലി എസ്എസ്പിക്ക് ജർണൈൽ സിങ് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മൊഹാലി സൈബർ ക്രൈം പൊലീസ് അജ്ഞാതനെതിരെ കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾക്കും ഐടി നിയമത്തിലെ വ്യവസ്ഥകൾക്കും കീഴിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഭീഷണി സന്ദേശം അയച്ച മൊബൈൽ നമ്പറിന്റെ കോൾ ഡീറ്റെയിൽസ്, ഐപി ലോഗുകൾ, ലൊക്കേഷൻ വിവരങ്ങൾ എന്നിവ പരിശോധിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനും കെജ്രിവാളിനും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കാനും ബന്ധപ്പെട്ട ഏജൻസികളുമായി ഏകോപനം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
അതേസമയം, ഭീഷണി മുഴക്കിയ വ്യക്തിക്ക് ലോറൻസ് ബിഷ്ണോയി സംഘവുമായി യഥാർഥ ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം തുടരുകയാണ്
