കൊച്ചി: കേരളത്തിലെ ക്രൈസ്തവ ചരിത്രവുമായി ബന്ധപ്പെട്ട പ്രധാന വ്യക്തിത്വമായ ക്നായി തോമന്റെ ജീവിതം സിനിമയാകുന്നു. ‘ക്നായി തൊമ്മൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രസാദ് വാളച്ചേരിലാണ്. പ്രശസ്ത സംവിധായകൻ വിജി തമ്പിയാണ് ചിത്രത്തിൽ ക്നായി തോമനായി വേഷമിടുന്നത്.
കച്ചവടവുമായി ബന്ധപ്പെട്ട് കനാൻ ദേശത്തുനിന്ന് കേരളത്തിലെത്തിയ വ്യക്തിയാണ് ക്നായി തോമൻ. കേരളത്തിലെ മലഞ്ചരക്കുകൾക്ക് പകരമായി എണ്ണ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ കൈമാറിയിരുന്നുവെന്നാണ് ചരിത്രവിവരണം. തോമാശ്ലീഹായിലൂടെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് ആത്മീയ ശുശ്രൂഷകൾക്കായി വൈദിക നേതൃത്വത്തിന്റെ ആവശ്യമുണ്ടായ സാഹചര്യത്തിൽ കനാൻ ദേശത്തെ ക്രൈസ്തവ മേലധ്യക്ഷന്മാരുടെ നിർദേശപ്രകാരം വൈദികരോടൊപ്പം പായ്ക്കപ്പലിൽ കേരളത്തിലെത്തിയെന്നാണ് ക്നായി തോമനെക്കുറിച്ചുള്ള പരമ്പരാഗത ചരിത്രവിവരണം. അന്നത്തെ ഭരണാധികാരിയായിരുന്ന ചേരമാൻ പെരുമാൾ അദ്ദേഹത്തെ സ്വീകരിച്ചതായും പറയപ്പെടുന്നു. തുടർന്നുള്ള ജീവിതവും കേരളത്തിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുമാണ് സിനിമയുടെ പ്രമേയം.
ചരിത്ര പശ്ചാത്തലത്തിനൊപ്പം എല്ലാ വാണിജ്യഘടകങ്ങളും കോർത്തിണക്കി ഒരു ക്ലീൻ എന്റർടെയ്നറായാണ് ചിത്രം ഒരുക്കുന്നത്. വിജി തമ്പിയുടെ ശിഷ്യനായ പ്രസാദ് വാളച്ചേരിൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. മേൽക്കാരപ്പുറത്ത് പിക്ചേഴ്സിന്റെ ബാനറിൽ ടോമി മേൽക്കാരപ്പുറത്താണ് നിർമാണം.
സജി സോമൻ, അംബിക, മല്ലിക സുകുമാരൻ, മുരളി മോഹൻ, ജയകൃഷ്ണൻ, കോട്ടയം രമേഷ്, ഇബ്രാഹിംകുട്ടി, ഇസഹാക്ക്, ജയൻ ചേർത്തല, ചാലി പാല, ആലപ്പി അഷ്റഫ്, ജോസഫ് ചാവറ, സൈമൺ പാറക്കൽ, തോമസ് സംക്രാന്തി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ക്നാനായ സമൂഹമാണ് ചിത്രത്തിന്റെ മൂലകഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥ കുമരകം ബാബുരാജ്. ഗോകുൽ ഛായാഗ്രഹണവും പി.സി. മോഹൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. ആന്റണി ഏലൂരാണ് പ്രൊഡക്ഷൻ ഡിസൈൻ.നവംബർ 26ന് വാഗമണ്ണിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ചിത്രീകരണം പാലക്കാട്, ചേർത്തല എന്നിവിടങ്ങളിലായി പൂർത്തിയാക്കും.
