വോട്ടെണ്ണും മുൻപേ പട്ടാമ്പിയിൽ യുഡിഎഫിന്റെ ഫ്ലക്സ് ബോർഡ്

പാലക്കാട്: പട്ടാമ്പിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി പി ഷാജിക്ക് അഭിവാദ്യമർപ്പിച്ച് ഫ്ലക്സ് ബോർഡ്. നിയുക്ത ടി പി ഷാജിക്ക് അഭിവാദ്യം എന്നെഴുതിയ ഫ്ലക്സ് ബോർഡാണ് ഉയർന്നത് . പട്ടാമ്പിയിൽ യുഡിഎഫ് ജയിക്കും, യുഡിഎഫ് ഭരിക്കും, പട്ടാമ്പിയുടെ നിയുക്ത എംഎൽഎ ടി പി ഷാജിക്ക് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സ് ബോർഡിലെ വരികൾ. അതേമസയം, തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ഫ്ലക്സ് വെച്ചതിൽ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ അതൃപ്‍തി അറിയിച്ചു.

കഴിഞ്ഞ ദിവസവും നിയുക്ത എംഎൽഎ കല്ലട്ര മാഹിൻ ഹാജിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ചെർക്കള നഗരത്തിലും കൂറ്റൻ ബോർഡ് ഉയർന്നിരുന്നു. മുസ്ലിം ലീഗ് ചെർക്കള വാർഡ് കമ്മറ്റിയാണ് ബോർഡ് വച്ചത്. തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് അത്രയും ഉറപ്പുള്ളതുകൊണ്ടാണ് ബോർഡ് വെച്ചതെന്നും യൂത്ത് ലീഗ് പ്രവർത്തകർ പറഞ്ഞിരുന്നു. മാത്രമല്ല, വി ഡി സതീശനെ നിയുക്ത മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ചും ഫ്ലക്സ് ബോർഡ് ഉയർന്നിരുന്നു. മൂവാറ്റുപുഴ കിഴക്കേക്കര മണിയംകുളം കവലയിലാണ് ” നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ അഭിവാദ്യങ്ങൾ” എന്നെഴുതിയ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. സ്ഥാപിച്ചവരുടെ പേരോ മറ്റ് വിവരങ്ങളോ ലഭിച്ചിട്ടില്ല. ബോർഡ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകൾക്കകം എടുത്തുമാറ്റി. നേതൃത്വത്തിന്റെ നിർദേശം മാനിക്കാതെ ബോർഡ് സ്ഥാപിച്ചതിന് പിന്നിൽ സതീശൻ അനുകൂലികളാണോ അതോ വിവാദം സൃഷ്ടിക്കാൻ മറ്റാരെങ്കിലും ചെയ്തതാണോ എന്ന് പരിശോധിക്കാൻ മൂവാറ്റുപുഴ കോൺഗ്രസ് നേതൃത്വം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *