യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വസതിയിൽ വെച്ച് കുഴഞ്ഞുവീണു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായി കുഴഞ്ഞുവീണു. ഇന്നലെ വൈകുന്നേരം ലഖ്‌നൗവിലെ വസതിയിൽ വെച്ചാണ് കുഴഞ്ഞുവീണത്. തുടർന്ന് അദ്ദേഹത്തെ ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഖ്‌നൗവിലെ മേദാന്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. അപകടനില തരണം ചെയ്‌തെന്നാണ് ആശുപത്രിയിൽ അധികൃതർ അറിയിച്ചിരിക്കുന്നത്. രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറഞ്ഞതും ബിപിയിലുണ്ടായ വ്യതിയാനവുമാണ് പെട്ടെന്ന് കുഴഞ്ഞുവീഴാൻ കാരണമായതെന്ന് പ്രാഥമിക പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്.

ഇന്നലെ പകൽ പാർട്ടി ആസ്ഥാനത്ത് നടന്ന ഡോക്ടർമാരുടെയും അധ്യാപകരുടെയും സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഇവിടെവെച്ച് ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. പാർട്ടി ഓഫീസിൽ നിന്നും വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് കുഴഞ്ഞുവീണത്. സിടി സ്കാൻ, എംആർഐ പരിശോധനാ ഫലങ്ങളിൽ അപകടകരമായി ഒന്നുമില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചേക്കുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *