‘ആശാന് വേണ്ടി ശിഷ്യൻ ഇറങ്ങിയിരിക്കുന്നു’; ഷാഫിക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ

കാസർ​ഗോഡ്: ഷാഫി പറമ്പിലിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി. ഷാഫി പറമ്പില്‍ എ ഗ്രൂപ്പില്‍ എന്നത് എട്ടാമത്തെ അത്ഭുതമെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. എ ഗ്രൂപ്പ് ഉണ്ടായത് ഉമ്മന്‍ ചാണ്ടിയില്‍ നിന്നാണ്. സരിത കേസില്‍ ചാനലായ ചാനലെല്ലാം പോയി ഉമ്മൻചാണ്ടിയെ സംരക്ഷിച്ച ആളാണ് താന്‍. അദ്ദേഹത്തെ പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സിലെ ആരേയും കണ്ടില്ലെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തിനുമെതിരെ നടന്ന ആക്രമണത്തിന് താന്‍ പ്രത്യാക്രമണം നടത്തിയെന്നും രാജ്മോഹൻ ഉണ്ണിത്താന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി സ്‌കൂള്‍ ഒഫ് പൊളിറ്റിക്‌സില്‍ പഠിച്ച് എല്ലാവരും സരിത കേസ് വന്നപ്പോള്‍ പ്രതിച്ഛായ ഭയം മൂലം ഓടി ഒളിച്ചു. അദ്ദേഹം മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടാണ് ചിലര്‍ കുട പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. അന്ന് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ എന്നോടൊപ്പം ഉണ്ടായിരുന്നത് ടി സിദ്ദിഖ് മാത്രമായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, കെ സി ജോസഫ്, എ പി അനില്‍ കുമാര്‍ അടക്കമുള്ളവരെ സംരക്ഷിക്കാന്‍ തങ്ങള്‍ ശ്രമിച്ചു. ഉമ്മന്‍ ചാണ്ടി മരണശയ്യയില്‍ കിടന്ന് കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ വെക്കാന്‍ ഒരു കുറിപ്പടി എഴുതിക്കൊടുത്തു. അത് കീറി എറിഞ്ഞിട്ടാണ് അടൂരുകാരനെ പ്രസിഡന്റ് ആക്കിയതെന്നും ഉണ്ണിത്താൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ടും രാജ്മോഹൻ ഉണ്ണിത്താൻ വിമർശനമുന്നയിച്ചു.

തനിക്ക് നേരെ വരുന്ന സൈബര്‍ ആക്രമണം എല്ലാം പരിശോധിച്ചു. സൈബർ ആക്രമണത്തിന് പിന്നിൽ പെട്ടിതാങ്ങികളാണ്. അപ്പോഴാണ് ആശാന് വേണ്ടി നാല് ഗര്‍ഭം ഉണ്ടാക്കി അടൂരില്‍ വിശ്രമിക്കുന്ന ശിഷ്യന്‍ ഇറങ്ങിയിരിക്കുകയാണെന്ന് മനസിലായതെന്നും ഉണ്ണിത്താൻ പറഞ്ഞു. തനിക്കെതിരെ സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ തന്റെ ഡയറിയില്‍ എല്ലാം കുറിച്ച് വെച്ചിട്ടുണ്ടെന്നും ആശാനും ശിഷ്യനും എല്ലാം കുടുങ്ങുമെന്നും ഉണ്ണിത്താന്‍ തുറന്നടിച്ചു. അനാവശ്യമായ തന്നെ പ്രകോപിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *