സംസ്കൃതം അറിയുന്നവരുടെ എണ്ണം വർധിപ്പിക്കാൻ കേന്ദ്ര സംസ്‌കൃത സർവകലാശാല

ന്യൂഡൽഹി: വരാനിരിക്കുന്ന സെന്‍സസില്‍ സംസ്‌കൃതം മാതൃഭാഷയായോ അറിയാവുന്ന ഭാഷകളിലൊന്നായോ രേഖപ്പെടുത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന രാജ്യവ്യാപക ക്യാമ്പയിന് സെന്‍ട്രല്‍ സംസ്‌കൃത സര്‍വകലാശാല തുടക്കമിട്ടു. ‘മമ ഭാഷാ സംസ്‌കൃതം’ എന്ന പേരിലുള്ള പ്രചാരണത്തിലൂടെ 10 കോടി ആളുകളിലേക്ക് എത്തുകയാണ് ലക്ഷ്യം. 2011ലെ സെന്‍സസ് പ്രകാരം 24,821 പേര്‍ മാത്രമാണ് സംസ്‌കൃതം മാതൃഭാഷയായി രേഖപ്പെടുത്തിയത്.

അധിക ഭാഷയായി സംസ്‌കൃതം അറിയുന്നവരുടെ എണ്ണം ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. ഭാഷയെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കുകയും വരാനിരിക്കുന്ന സെന്‍സസില്‍ സംസ്‌കൃതത്തെ കൃത്യമായി രേഖപ്പെടുത്താന്‍ പ്രേരിപ്പിക്കുകയുമാണ് ലക്ഷ്യം. സെന്‍സസ് ചോദ്യാവലിയിലെ 14ാം ചോദ്യത്തില്‍ മാതൃഭാഷയും അറിയാവുന്ന മറ്റ് ഭാഷകളും രേഖപ്പെടുത്തണം. സര്‍വകലാശാലയുടെ ആസ്ഥാനവും ക്യാമ്പസുകളും മാതൃകാ കോളേജുകളും ഗവേഷണ സ്ഥാപനങ്ങളും സംസ്‌കൃത വിദ്യാലയങ്ങളും അധ്യാപകരും വിദ്യാര്‍ഥികളും സന്നദ്ധ സംഘടനകളും പ്രചാരണത്തിന്റെ ഭാഗമാകും.

സ്‌കൂളുകള്‍, കോളേജുകള്‍, ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍, മഠങ്ങള്‍, സാമൂഹിക സംഘടനകള്‍ എന്നിവിടങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. പൊതുസ്ഥലങ്ങളില്‍ പ്രചാരണവും വീടുകള്‍ സന്ദര്‍ശിച്ചുള്ള പ്രവര്‍ത്തനങ്ങളും നടത്തും. സമൂഹമാധ്യമങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും ഇതിനായി ഉപയോഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *