ദുബായിലെ വിമാനയാത്രകളുടെ മുഖച്ഛായ 2032-ഓടെ മാറ്റിമറിക്കുന്ന വമ്പൻ ഗതാഗത പദ്ധതികളുമായി അധികൃതർ. അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ദശലക്ഷക്കണക്കിന് യാത്രക്കാരെ എത്തിക്കുന്നതിനായി അതിവേഗ ട്രെയിനുകൾ, വിപുലീകരിച്ച മെട്രോ സർവീസുകൾ, പ്രത്യേക എയർപോർട്ട് റെയിൽവേ എന്നിവയാണ് ഒരുങ്ങുന്നത്. 12,850 കോടി ദിർഹമാണ് പദ്ധതി ചെലവ്. ദുബായിലെ ജനവാസ കേന്ദ്രങ്ങളെയും വാണിജ്യ മേഖലകളെയും അയൽ എമിറേറ്റുകളെയും പുതിയ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന വിപുലമായ ശൃംഖലയാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്.
നിലവിലുള്ള ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള പ്രവർത്തനങ്ങൾ 70 കിലോമീറ്റർ അകലെയുള്ള ദുബായ് സൗത്തിലെ അൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റുന്നത് വലിയ വെല്ലുവിളിയാണ്. തുടക്കത്തിൽ പ്രതിവർഷം 15 കോടി യാത്രക്കാരെയും പിന്നീട് 26 കോടി യാത്രക്കാരെയും ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ വിമാനത്താവളത്തിലേക്ക് യാത്രക്കാരെ എത്തിക്കാൻ മികച്ച പൊതുഗതാഗത സംവിധാനം അനിവാര്യമാണ്. അബുദാബിയെയും ദുബായെയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിലിന്റെ അതിവേഗ പാതയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ ട്രെയിൻ വരുന്നതോടെ രണ്ട് എമിറേറ്റുകൾക്കുമിടയിലുള്ള യാത്രാസമയം വെറും 30 മിനിറ്റായി കുറയും. ഇതോടെ അബുദാബിയിലുള്ളവർക്ക് ദുബായിൽ നിന്നും തിരിച്ചും വിമാനയാത്രകൾ നടത്തുന്നത് വളരെ എളുപ്പമാകും.
ഇതിനുപുറമെ, നിലവിലുള്ള ‘റൂട്ട് 2020’ മെട്രോ പാതയെ അൽ മക്തൂം വിമാനത്താവളത്തിന്റെ വെസ്റ്റ് ടെർമിനലുമായി ബന്ധിപ്പിക്കുന്ന 200 കോടി ദിർഹത്തിന്റെ പദ്ധതിക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകിയിട്ടുണ്ട്. മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ രണ്ട് പുതിയ സ്റ്റേഷനുകൾ ഉണ്ടാകും. 2031-ൽ ഇത് പ്രവർത്തനക്ഷമമാകും.
നിലവിലുള്ള ദുബായ് വിമാനത്താവളത്തെയും അൽ മക്തൂം വിമാനത്താവളത്തെയും നേരിട്ട് ബന്ധിപ്പിക്കുന്ന 55 കിലോമീറ്റർ ‘എയർപോർട്ട് എക്സ്പ്രസ് ലൈൻ’ എന്ന പ്രത്യേക റെയിൽപാതയും പരിഗണനയിലുണ്ട്. 3,400 കോടി ദിർഹം ചെലവിൽ നിർമ്മിക്കുന്ന 42 കിലോമീറ്റർ ദൈർഘ്യമുള്ള ദുബായ് മെട്രോ ‘ഗോൾഡ് ലൈൻ’ 2032 സെപ്റ്റംബർ ഒമ്പതിന് തുറക്കും. ദുബായിലെ 15 പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്ന ഈ പാതയിൽ 18 സ്റ്റേഷനുകൾ ഉണ്ടാകും.വിമാനത്താവളത്തിനുള്ളിൽ യാത്രക്കാരെ വിവിധ ടെർമിനലുകളിലേക്ക് എത്തിക്കുന്നതിനായി 50 കിലോമീറ്റർ ദൈർഘ്യമുള്ള ഡ്രൈവറില്ലാ ട്രെയിൻ സംവിധാനവും ഒരുങ്ങുന്നുണ്ട്. ഒമ്പത് സ്റ്റേഷനുകളും 165 വാഹനങ്ങളുമുള്ള ഈ സംവിധാനം ലോകത്തിലെ തന്നെ ഏറ്റവും വലിയ എയർപോർട്ട് ട്രെയിൻ ശൃംഖലയായിരിക്കും. 2031 ഡിസംബറിൽ ഇതിന്റെ നിർമ്മാണം പൂർത്തിയാകും.
