ഡൽഹിയിൽ കഫേ അടച്ചശേഷം യുവതിക്ക് കൂട്ടബലാത്സംഗം; രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ കഫേ അടച്ചശേഷം നടന്ന പാർട്ടിക്കിടെ 22കാരിക്ക് കൂട്ടബലാത്സംഗമെന്ന് പരാതി. സംഭവത്തിൽ രണ്ട് സ്ത്രീകളും ഒരു പുരുഷനുമുൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് മൂന്ന് പ്രതികൾ ഒളിവിലാണെന്നാണ് റിപ്പോർട്ട്.

കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാറിലുള്ള സുൽത്താനേറ്റ് കഫേയിലാണ് സംഭവം. യുവതിയും പ്രതികളും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. തിങ്കളാഴ്ച രാത്രി സഹപ്രവർത്തകരോടൊപ്പം കഫേയിലെത്തിയ യുവതി പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു. രാത്രി 11.30ന് കഫേ അടച്ചെങ്കിലും ജീവനക്കാരിലൊരാളുടെ കൈവശം താക്കോലുണ്ടായിരുന്നതിനാൽ വീണ്ടും തുറന്ന് പാർട്ടി തുടരുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പുലർച്ചെ 3.30ഓടെ സംഘം മടങ്ങി. ഇതിനിടെ രണ്ട് പുരുഷന്മാർ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും മറ്റുള്ളവർ സഹായിച്ചെന്നുമാണ് യുവതിയുടെ പരാതി. പുലർച്ചെ 5.45ഓടെ യുവതി പൊലീസിനെ സമീപിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *