യുകെയിലേക്ക് പോകുന്നത് തടഞ്ഞു; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് സൗരവ് ദാസ്

ന്യൂഡൽഹി: യുകെയിലേക്ക് യാത്ര ചെയ്യുന്നത് തടഞ്ഞ കേന്ദ്രസർക്കാർ നടപടിക്കെതിരെ കൊക്രോച്ച് ജനതാ പാർട്ടി (CJP) നേതാവ് സൗരവ് ദാസ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. നവംബർ 23ന് ഡൽഹി വിമാനത്താവളത്തിൽ വെച്ച് ലണ്ടനിലേക്ക് പോകുന്നത് തടഞ്ഞ നടപടിക്കെതിരെയാണ് കോടതിയെ സമീപിച്ചത്. ഹർജി വ്യാഴാഴ്ച പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.

ഓക്സ്ഫഡ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ സംഘടിപ്പിക്കുന്ന പാനൽ ചർച്ചയിൽ പങ്കെടുക്കാനായിരുന്നു സൗരവ് ദാസിന്റെ യാത്ര. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, എഡിൻബറോ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും സംസാരിക്കാൻ ക്ഷണമുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

പാസ്പോർട്ടിലെ ജനനസ്ഥലം സംബന്ധിച്ച വിവരങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യാത്ര തടഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈ റീജിയണൽ പാസ്പോർട്ട് ഓഫീസ് ഇതുമായി ബന്ധപ്പെട്ട് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നും അതുവരെ പാസ്പോർട്ട് ഉപയോഗിച്ച് വിദേശയാത്ര നടത്തരുതെന്നും നിർദേശിച്ചിട്ടുണ്ട്.

അതേസമയം, രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ തന്നെ ലക്ഷ്യമിടുകയാണെന്നാണ് സൗരവ് ദാസിന്റെ ആരോപണം. പാസ്പോർട്ട് 2019ൽ അനുവദിച്ചതാണെന്നും ഇതുവരെ നിരവധി വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാസ്പോർട്ടിലെ രേഖകളിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച നടപടികളിൽ അന്തിമ തീരുമാനമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *