ന്യൂഡൽഹി: കോൺഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) പരിശോധന നടത്തണമെന്ന് നിർദേശിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. കേസ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. കേസിൽ രാഹുൽ ഗാന്ധിയെ കക്ഷി ചേർക്കണമെന്നും അദ്ദേഹത്തിന് വാദം കേൾക്കാനുള്ള അവസരം നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ഹർജി നിയമപരമായി നിലനിൽക്കുമോ എന്നതടക്കമുള്ള കാര്യങ്ങൾ ഹൈക്കോടതി പുതുതായി പരിശോധിക്കണം.
കർണാടക സ്വദേശിയും ബിജെപി പ്രവർത്തകനുമായ എസ്. വിഘ്നേഷ് ശിശിറാണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്. അറിയപ്പെടുന്ന വരുമാന സ്രോതസ്സുകളുമായി താരതമ്യം ചെയ്യുമ്പോൾ രാഹുൽ ഗാന്ധിക്ക് അനധികൃത സ്വത്തുണ്ടെന്നായിരുന്നു ആരോപണം. ഇതിൽ അന്വേഷണം നടത്തി വിവരങ്ങൾ അറിയിക്കാൻ മെയ് മാസത്തിൽ അലഹബാദ് ഹൈക്കോടതി സിബിഐയോടും ഇഡിയോടും നിർദേശിച്ചിരുന്നു.
എന്നാൽ, തന്റെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവിറക്കിയതെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ആരോപണങ്ങൾ ശരിയാണെന്ന് സുപ്രീംകോടതി കണ്ടെത്തിയിട്ടില്ല. കേസ് നടപടിക്രമങ്ങൾ പുതുതായി പരിഗണിക്കാനാണ് ഹൈക്കോടതിയോട് നിർദേശിച്ചിരിക്കുന്നത്.
