തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പ് ഉപയോഗിക്കണമെന്ന മേയർ വി.വി. രാജേഷിന്റെ നിർദേശത്തിനെതിരെ ക്ഷേത്ര ട്രസ്റ്റ് രംഗത്ത്. വർഷങ്ങളായി തുടരുന്ന ആചാരങ്ങളിൽ മാറ്റം വരുത്താനാകില്ലെന്നാണ് ട്രസ്റ്റിന്റെ നിലപാട്. ഇഷ്ടിക ഉപയോഗിച്ച് അടുപ്പ് കൂട്ടി പൊങ്കാലയിടുന്നതാണ് പതിവെന്നും ഇരുമ്പ് കമ്പികൾ ഉപയോഗിക്കുന്ന രീതി ഭക്തർക്ക് ഉൾക്കൊള്ളാനാകില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി.
ഇരുമ്പ് അടുപ്പുകൾ ഉപയോഗിച്ചാൽ ഭക്തർ അവ ഉപേക്ഷിച്ചുപോകാൻ സാധ്യതയുണ്ടെന്നും പിന്നീട് അവ തുരുമ്പെടുത്ത് ആളുകൾക്ക് അപകടമുണ്ടാക്കുമെന്നും ട്രസ്റ്റ് ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന സാഹചര്യത്തിൽ ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അവർ പറഞ്ഞു. ക്ഷേത്ര കോമ്പൗണ്ടിൽ ഇത്തരം അടുപ്പുകൾ അനുവദിക്കില്ലെന്നും കഴിഞ്ഞ വർഷത്തെ രീതി തന്നെ തുടരുമെന്നും ട്രസ്റ്റ് വ്യക്തമാക്കി. അതേസമയം, ഇരുമ്പ് അടുപ്പ് എന്ന ആശയം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തതെന്നും പൊങ്കാല സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് ക്ഷേത്ര ട്രസ്റ്റും തന്ത്രിയുമാണെന്നും മേയർ വി.വി. രാജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതോടെ പൊങ്കാലയിലെ പുതിയ പരിഷ്കാര നിർദേശവും ട്രസ്റ്റിന്റെ നിലപാടും ചർച്ചയാകുകയാണ്. പൊങ്കാലയ്ക്ക് എത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് കോർപ്പറേഷന്റെ പ്രധാന ലക്ഷ്യമെന്നും മേയർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആചാരങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള ക്രമീകരണങ്ങൾക്കാണ് ട്രസ്റ്റ് പ്രാധാന്യം നൽകുന്നത്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
