ഗുരുഗ്രാമിൽ അനധികൃതമായി താമസിച്ചെന്ന് കണ്ടെത്തിയ 27 ബംഗ്ലാദേശ് പൗരന്മാരെ തിരിച്ചയച്ചു

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ അനധികൃതമായി താമസിച്ചെന്നാരോപിച്ച് പിടികൂടിയ 27 ബംഗ്ലാദേശ് പൗരന്മാരെ തിരിച്ചയച്ചതായി പൊലീസ്. വെള്ളിയാഴ്ചയാണ് കനത്ത പൊലീസ് സുരക്ഷയിൽ ഇവരെ ട്രെയിൻ മാർഗം നാട്ടിലേക്ക് അയച്ചത്.

ഗുരുഗ്രാം പൊലീസിന്റെ ആന്റി ടെററിസ്റ്റ് സ്ക്വാഡും (ATS), പൊലീസ് ഓപ്പറേഷൻസ് വിഭാഗവും നടത്തിയ വ്യത്യസ്ത പരിശോധനകളിലാണ് ഇവർ പിടിയിലായത്. പ്രാഥമിക അന്വേഷണത്തിൽ ഇന്ത്യയിൽ താമസിക്കുന്നതിന് ആവശ്യമായ സാധുവായ പാസ്‌പോർട്ടോ വിസയോ മറ്റ് രേഖകളോ ഇവരുടെ പക്കലില്ലെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

പിടികൂടിയ 27 പേരെയും തുടർന്ന് മനേസറിലെ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി. ഇവിടെ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് തിരിച്ചയക്കാനുള്ള നടപടി സ്വീകരിച്ചത്.

വെള്ളിയാഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയിലാണ് ഇവരെ റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. യാത്രയ്ക്കായി ട്രെയിനിൽ അധികമായി ഒരു ജനറൽ കോച്ചും ഘടിപ്പിച്ചിരുന്നു. എല്ലാവരും പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ട്രെയിനിൽ കയറിയതായും നടപടിക്രമങ്ങൾ പൂർത്തിയാക്കി ട്രെയിൻ യാത്ര തുടങ്ങിയതായും അധികൃതർ വ്യക്തമാക്കി.

ജില്ലയിൽ അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്മാരെ കണ്ടെത്തുന്നതിനും അവരുടെ രേഖകൾ പരിശോധിക്കുന്നതിനുമുള്ള പരിശോധനകൾ തുടരുമെന്നും ഗുരുഗ്രാം പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *