ഓപ്പറേഷൻ സിന്ദൂർ സിനിമയാകുന്നു; അയോധ്യയിലെ ശ്രീരാമജന്മഭൂമിയിൽ പൂജയോടെ തുടക്കം

പഹൽഗാം ഭീകരാക്രമണവും ഇന്ത്യയുടെ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറും പ്രമേയമാക്കി ഒരുങ്ങുന്ന ബഹുഭാഷാ ചിത്രത്തിന് അയോധ്യയിൽ തുടക്കമായി. ശ്രീരാമജന്മഭൂമി തീർഥക്ഷേത്രത്തിൽ നടന്ന പൂജാച്ചടങ്ങുകളോടെയാണ് ചിത്രത്തിന്റെ ഔദ്യോഗിക തുടക്കം. ആക്ഷൻ കിങ് അർജുൻ സർജ സംവിധാനം ചെയ്യുന്ന ചിത്രം പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹനാണ് നിർമിക്കുന്നത്. വിരമിച്ച കരസേനാ ഉദ്യോഗസ്ഥൻ മേജർ വിജയ് ഭാർഗവയാണ് തിരക്കഥ ഒരുക്കുന്നത്.

ശ്രീരാമജന്മഭൂമി തീർഥക്ഷേത്രത്തിൽ പൂജയോടെ തുടക്കം കുറിക്കുന്ന ആദ്യ ഇന്ത്യൻ സിനിമയാണിതെന്ന് അണിയറപ്രവർത്തകർ അവകാശപ്പെട്ടു. സംവിധായകൻ അർജുൻ സർജയും ഭാര്യ നിവേദിത അർജുനും ചടങ്ങിൽ പങ്കെടുത്തു. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും ചടങ്ങിനെത്തി.

പഹൽഗാമിൽ നടന്ന ഭീകരാക്രമണവും അതിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറുമാണ് ചിത്രത്തിന്റെ പ്രമേയത്തിന് ആധാരം. രാജ്യത്തിന്റെ ധീരതയും നിശ്ചയദാർഢ്യവും അതിജീവനശേഷിയും അടയാളപ്പെടുത്തുന്ന സിനിമയായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. സൈനികജീവിതത്തിന്റെ അനുഭവങ്ങളും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അറിവുകളും തിരക്കഥയിൽ പ്രതിഫലിക്കുമെന്ന് മേജർ വിജയ് ഭാർഗവ് വ്യക്തമാക്കി.

വാണിജ്യ സിനിമയുടെ പതിവ് ചട്ടക്കൂടുകൾക്കപ്പുറം ദേശീയ പ്രാധാന്യമുള്ള ഒരു കഥയാണ് അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നതെന്ന് സംവിധായകൻ അർജുൻ സർജയും നിർമാതാവ് അനൂപ് മോഹനും അറിയിച്ചു. സംഭവങ്ങളുടെ വൈകാരികതയും സൈനികരുടെ ത്യാഗവും ധീരതയും ദൃശ്യഭാഷയിൽ അവതരിപ്പിക്കാനാണ് ശ്രമം. ചരിത്രസംഭവങ്ങളെ അടിസ്ഥാനമാക്കുന്ന ചിത്രത്തിൽ ആധികാരികതയ്ക്കും വൈകാരികതയ്ക്കും പ്രാധാന്യം നൽകുമെന്നും അണിയറപ്രവർത്തകർ പറയുന്നു.

ഹിന്ദിയിൽ ഒരുങ്ങുന്ന ചിത്രം മലയാളം ഉൾപ്പെടെ ഒമ്പത് ഭാഷകളിലായാണ് പ്രേക്ഷകരിലെത്തുക. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രത്യേക പ്രഖ്യാപനത്തിലൂടെ പേര് ഉടൻ വെളിപ്പെടുത്തുമെന്നാണ് വിവരം.

ചിത്രീകരണം വരും മാസങ്ങളിൽ ആരംഭിക്കാനാണ് പദ്ധതി. 2027 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം. ദേശീയതയും സൈനിക ധീരതയും പ്രമേയമാക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.

Leave a Reply

Your email address will not be published. Required fields are marked *