വിശ്വാസത്തിന്റെയും ഭക്തിയുടെയും ആത്മീയ ഉണർവിന്റെയും അസാധാരണ യാത്ര പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ‘ഹനുമാൻ അംശ്’ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു. പ്രശസ്ത ആത്മീയ ഗുരുവായ നീം കറോളി ബാബയുടെ ആദ്യകാല ജീവിതവും ആത്മീയതയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയ്ക്ക് വഴിയൊരുക്കിയ അനുഭവങ്ങളും ആസ്പദമാക്കി ഒരുക്കിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് വിശാൽ ചതുർവേദി ആണ്. നവംബർ 29 മുതൽ ഇന്ത്യയിൽ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഗുജറാത്തി ഭാഷകളിൽ ചിത്രം ലഭ്യമാണ്. ഇന്ത്യയ്ക്ക് പുറത്തുള്ള പ്രേക്ഷകർക്ക് ഹിന്ദി ഉൾപ്പെടെയുള്ള ലഭ്യമായ എല്ലാ ഭാഷകളിലും ചിത്രം കാണാം. സ്വംഭൂ മീഡിയ നെറ്റ്വർക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ നിർമ്മാണത്തിൽ ഒരുങ്ങിയ ചിത്രം ആഗോളതലത്തിൽ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്.
സാധാരണ ജീവിതാനുഭവങ്ങൾക്കപ്പുറം വിശ്വാസത്തിന്റെയും ആത്മാന്വേഷണത്തിന്റെയും ഉയർന്ന ലക്ഷ്യങ്ങളുടെയും വഴിയിലേക്ക് ഒരാളെ നയിക്കുന്ന അനുഭവങ്ങളാണ് ‘ഹനുമാൻ അംശ്’ അവതരിപ്പിക്കുന്നത്. പിന്നീട് നിരവധി തലമുറകളുടെ ജീവിതത്തെ സ്വാധീനിച്ച നീം കറോളി ബാബയുടെ ആത്മീയ യാത്രയുടെ തുടക്കവും അദ്ദേഹത്തിന്റെ ജീവിതത്തെ രൂപപ്പെടുത്തിയ അനുഭവങ്ങളും സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ അധികമറിയപ്പെടാത്ത അധ്യായങ്ങളിലേക്ക് വെളിച്ചം വീശുന്നതിനൊപ്പം സ്നേഹം, മനുഷ്യത്വം, നിസ്വാർത്ഥ സേവനം തുടങ്ങിയ മൂല്യങ്ങളും ചിത്രം പങ്കുവെക്കുന്നു.
ശോഭിനവ് സത്യയാണ് ചിത്രത്തിൽ നീം കറോളി ബാബയായി പ്രധാന വേഷത്തിലെത്തുന്നത്. ചന്ദൻ ആനന്ദ്, പൂർണിമ തിവാരി, അനിൽ രസ്തോഗി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിഹാൻ ഷെഡ്ഗെ, ഗുൽഷൻ പാണ്ഡെ, നിഖിൽ ദുബെ, നേഹ പരാഞ്ച്പെ, ഭഗവന്ദാസ് പട്ടേൽ, അഭിഷേക് മിശ്ര, ഋഷികേശ് ദുബെ, രാജീവ് മിശ്ര എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങളിലുണ്ട്. വിശ്വാസത്തെയും മനുഷ്യബന്ധങ്ങളെയും ആസ്പദമാക്കിയുള്ള ഹൃദയസ്പർശിയായ അവതരണത്തിലൂടെ ചിത്രം തിയേറ്ററുകളിൽ ശ്രദ്ധ നേടിയിരുന്നു. ഈ വർഷത്തെ ശ്രദ്ധേയമായ ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നായി മാറിയ ചിത്രത്തിന്റെ ഒടിടി റിലീസിലൂടെ കൂടുതൽ ഭാഷകളിലും രാജ്യാന്തര തലത്തിലും പ്രേക്ഷകരിലേക്ക് എത്താനുള്ള അവസരമാണ് ഒരുങ്ങുന്നത്.
ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച വിശാൽ ചതുർവേദി പറയുന്നത്, നീം കറോളി ബാബയുമായും അദ്ദേഹത്തിന്റെ ഉപദേശങ്ങളുമായും തനിക്ക് വർഷങ്ങളായുള്ള ആത്മബന്ധമുണ്ടെന്നാണ്. തന്റെ വിശ്വാസത്തെയും മനുഷ്യത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും ആഴത്തിൽ സ്വാധീനിച്ച ആ ജീവിതകഥ കൂടുതൽ ആളുകളുമായി പങ്കുവെക്കാനുള്ള ശ്രമമായിരുന്നു സിനിമ. തിയേറ്ററുകളിൽ ചിത്രത്തിന് ലഭിച്ച സ്നേഹവും പ്രേക്ഷകർ അതിന്റെ സന്ദേശവുമായി വൈകാരികമായി ബന്ധപ്പെടുന്നതും ഏറെ സന്തോഷം നൽകിയെന്നും അദ്ദേഹം പറഞ്ഞു. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുന്നതോടെ നീം കറോളി ബാബയെ ആദ്യമായി അറിയുന്നവർക്കും അദ്ദേഹത്തിന്റെ ജീവിതവും സന്ദേശവും പരിചയപ്പെടാൻ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സ്നേഹത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും സന്ദേശം പ്രേക്ഷകരുടെ ദൈനംദിന ജീവിതത്തിലും ഇടം നേടട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ സഹസ്ഥാപകയും ഐ.പി. ഉടമയും നിർമ്മാതാവുമായ നമ്രത സിംഗ് പറയുന്നത്, തലമുറകൾക്കും ഭൂമിശാസ്ത്രപരമായ അതിരുകൾക്കും അപ്പുറത്തേക്ക് എത്തേണ്ട കഥയായാണ് ‘ഹനുമാൻ അംശ്’ ഒരുക്കിയതെന്നാണ്. തിയേറ്ററുകളിൽ ചിത്രത്തിന് ലഭിച്ച സ്വീകരണം ആ വിശ്വാസം കൂടുതൽ ശക്തിപ്പെടുത്തിയെന്നും നെറ്റ്ഫ്ലിക്സിലൂടെയുള്ള റിലീസ് ആ യാത്രയിലെ പ്രധാനപ്പെട്ട അടുത്ത ചുവടുവെപ്പാണെന്നും അവർ വ്യക്തമാക്കി. വിവിധ ഭാഷകളിലൂടെയും സംസ്കാരങ്ങളിലൂടെയും നീം കറോളി ബാബയുടെ ജീവിതവും ഉപദേശങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഈ റിലീസ് സഹായിക്കുമെന്നാണ് നമ്രത കരുതുന്നത്. സഹ ഐ.പി. ഉടമകളും നിർമ്മാതാക്കളുമായ രാഗിണി സോണ, അനുപ്രിയ് നഗർ എന്നിവർക്കൊപ്പം മഹാരാജ്ജിയുടെ ജന്മദിന വാരത്തിൽ ലഭിച്ച അനുഗ്രഹമായാണ് ഈ നേട്ടത്തെ കാണുന്നതെന്നും നമ്രത സിംഗ് പറഞ്ഞു.
രാഗിണി സോണ, നമ്രത ജി. സിംഗ് എന്നിവർ നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും ഡോ. വിശാൽ ചതുർവേദിയാണ് നിർവഹിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെ ഇപ്പോൾ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്ന ‘ഹനുമാൻ അംശ്’ ഇന്ത്യയിൽ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഗുജറാത്തി ഭാഷകളിലും ഇന്ത്യയ്ക്ക് പുറത്തുള്ള പ്രേക്ഷകർക്ക് ഹിന്ദി ഉൾപ്പെടെയുള്ള ലഭ്യമായ ഭാഷകളിലും കാണാം. പിആർഒ: ശബരി
