ദുബായ്: ബലിപെരുന്നാൾ അവധിക്കാലം പ്രമാണിച്ച് യുഎഇയിൽ നിന്ന് വിവിധ അറബ് രാജ്യങ്ങളിലേക്കും മറ്റ് വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള വിമാന ടിക്കറ്റുകളുടെ നിരക്ക് കുതിച്ചുയരുന്നു. യാത്രാക്കാരുടെ എണ്ണത്തിലുണ്ടായ വർധനവും ലഭ്യമായ സീറ്റുകളുടെ കുറവുമാണ് നിരക്ക് വർധിക്കാൻ കാരണമെന്നാണ് വിവരം. ഇത്തവണ പെരുന്നാൾ അവധിയും ഹജ്ജ് തീർത്ഥാടനവും ഒരേ സമയം വന്നത് യാത്രാ ആവശ്യം ഇരട്ടിയാക്കി. ഇതാണ് സൗദി അറേബ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് വർധിക്കാനുള്ള പ്രധാന കാരണം.
മാത്രമല്ല നിലവിലെ സാഹചര്യത്തിൽ വിമാനങ്ങൾ ആകാശപാതകൾ മാറ്റി പറക്കുന്നത് മൂലമുള്ള ഇന്ധന ചിലവും അധിക ചാർജുകളും നിരക്കിനെ ബാധിച്ചിട്ടുണ്ട്. പല എയർലൈനുകളും തങ്ങളുടെ സർവീസുകൾ ഇപ്പോഴും പൂർണ്ണ തോതിൽ പുനഃസ്ഥാപിച്ചിട്ടില്ല. വിമാനങ്ങളുടെ എണ്ണം കുറഞ്ഞതും യാത്രക്കാർ കൂടിയതും പെരുന്നാൾ അടുപ്പിച്ച് അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം വർധിച്ചതും നിരക്ക് കുതിക്കാൻ കാരണമായി. കഴിഞ്ഞ രണ്ട് മാസത്തെ അപേക്ഷിച്ച് ടിക്കറ്റ് നിരക്കുകളിൽ 25 മുതൽ 45 ശതമാനം വരെ വർധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചില റൂട്ടുകളിൽ ശരാശരി നിരക്ക് 3,500 ദിർഹം വരെയായി ഉയർന്നു.
സൗദി അറേബ്യ (റിയാദ്, ജിദ്ദ, മദീന), ഈജിപ്ത് (കെയ്‌റോ), ജോർദാൻ (അമ്മാൻ), ഒമാൻ എന്നിവയാണ് കൂടുതൽ ആവശ്യക്കാരുള്ള രാജ്യങ്ങൾ. സെർബിയ, ബോസ്നിയ, അൽബേനിയ തുടങ്ങിയ ബാൽക്കൺ രാജ്യങ്ങളിലേക്ക് വിനോദയാത്ര പോകുന്നവരുടെ എണ്ണത്തിലും വലിയ വർധനവുണ്ട്. ഈ വർഷം നീണ്ട പെരുന്നാൾ അവധി ലഭിക്കുന്നതിനാൽ യുഎഇയിലെ പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് പോകാൻ ഒരുങ്ങുകയാണ്. ഇത് വിമാനക്കമ്പനികൾക്ക് വലിയ നേട്ടമാകുമെങ്കിലും യാത്രക്കാർക്ക് കനത്ത സാമ്പത്തിക ഭാരമാണ് നൽകുന്നത്. പെരുന്നാൾ അവധി കഴിയുന്നത് വരെ നിരക്കുകൾ ഈ നിലയിൽ തുടരാനാണ് സാധ്യതയെന്നാണ് വിവരം.
