KSRTC ബസിന്റെ ചില്ല് അടിച്ചുപൊട്ടിച്ച സംഭവം; മുസ്ലിം ലീഗും ബിജെപിയും നുണ പ്രചരിപ്പിക്കുന്നുവെന്ന് വസീഫ്

കൊച്ചി: കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ച് പൊട്ടിച്ച യുവതി തന്റെ ഭാര്യയാണെന്ന വ്യാജ പ്രചാരണത്തിനെതിരെ പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് രം​ഗത്ത്. വീഡിയോയില്‍ കണ്ട സ്ത്രീ തന്റെ ഭാര്യ അല്ലെന്നും അവരുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും വസീഫ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. നുണകള്‍ കൊണ്ട് പൊതുബോധം സൃഷ്ടിക്കുന്ന യുഡിഎഫ്-ബിജെപി തന്ത്രങ്ങള്‍ തുടരുകയാണെന്നും ചാനലുകളുടെ വ്യാജ കാര്‍ഡുകള്‍ വെച്ച് ലീഗും ബിജെപിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണെന്നും വസീഫ് ആരോപിച്ചു.

കേരളത്തില്‍ കുറച്ചു കാലമായി ഇടത് സഖാക്കളെയും കുടുംബാംഗങ്ങളെയും ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വലതുപക്ഷ കൂട്ടായ്മ നീചമായ രാഷ്ട്രീയ വേട്ടയ്ക്ക് ഇരയാക്കി കൊണ്ടിരിക്കുകയാണ്. ഇതു പോലുള്ള അധമ വൃത്തികള്‍ക്ക് മുമ്പില്‍ തോല്‍ക്കുന്നവരല്ല തങ്ങളെന്നും ഭയലേശമില്ലാതെ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്തണമെന്ന ആവശ്യം ഡ്രൈവര്‍ നിരാകരിച്ചതോടെ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിൻ്റെ ചില്ല് യുവതി ഇടിച്ച് പൊട്ടിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് ആണ് തകര്‍ത്തത്. ബസ് മിംസ് സ്റ്റോപ്പില്‍ നിര്‍ത്തണം എന്നായിരുന്നു യുവതിയുടെ ആവശ്യം. അവിടെ സ്റ്റോപ്പില്ലാത്തതിനാല്‍ ബസ് മുന്നോട്ട് പോയതോടെ യുവതി പ്രകോപിതയായി ചില്ല് തകര്‍ക്കുകയായിരുന്നു. ബസിലെ യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാൽ സംഭവത്തിൽ തെറ്റ് ഏറ്റുപറഞ്ഞ് പിഴയടച്ചതാണെന്നും എന്നിട്ടും വീണ്ടും ആ സംഭവം ഉയർത്തി സമൂഹമാധ്യമങ്ങളിൽ തന്നെ തെറ്റായി ചിത്രീകരിക്കുകയാണെന്നും യുവതി പ്രതികരിച്ചു. തനിക്കെതിരായി നടക്കുന്ന സൈബർ ആക്രമണത്തിൽ നിയമ നടപടി സ്വീകരിക്കുമെന്നും യുവതി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *