ഡൽഹി: രാജ്യത്ത് ഇന്ധനവില വർധിച്ച സാഹചര്യത്തിൽ ഭക്ഷണങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി റസ്റ്റോറന്‍റുകളും ഫുഡ് ഡെലിവറി ആപ്പുകളും. 5 മുതൽ 10 ശതമാനം വരെ വില കൂട്ടാനാണ് തീരുമാനം. എൽപിജി ക്ഷാമം, വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധനവ്, ജീവനക്കാരുടെ അഭാവം തുടങ്ങിയ പ്രശ്നങ്ങൾ കാരണം പെട്രോൾ, ഡീസൽ എന്നിവയുടെ വില വർധിച്ചത് ഹോട്ടൽ വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
എല്ലാ വര്‍ഷവും സെപ്തംബറിൽ റസ്റ്റോറന്‍റ് മേഖലയിൽ വില പരിഷ്കരിക്കാറുണ്ട്. എന്നാൽ ഈ വര്‍ഷം ജൂലൈ 1 മുതൽ വില വർധിപ്പിക്കുകയല്ലാതെ തങ്ങൾക്ക് മറ്റ് മാര്‍ഗമില്ലെന്ന് നാഷണൽ റസ്റ്റോറന്‍റ് അസോസിയേഷൻ ഓഫ് ഇന്ത്യ ചെയർമാനും വൗ മോമ സഹസ്ഥാപകനുമായ സാഗര്‍ ദാര്യാനി പറഞ്ഞു.
അമുലും മദർ ഡയറിയും പാൽ വില ലിറ്ററിന് രണ്ട് രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. ബര്‍ഗര്‍, ബിരിയാണി, പിസ്സ, സാൻഡ്‍വിച്ച് എന്നിവയുടെയെല്ലാം വില കൂടുമെന്നാണ് വിവരം. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകളിൽ ഓഫറുകളും ഡിസ്കൗണ്ടുകളും കുറയും. സൗജന്യ ഡെലിവറിക്കുള്ള മിനിമം ഓർഡർ തുകയും വർധിപ്പിച്ചേക്കും. കഴിഞ്ഞ മാസം എൽപിജി ക്ഷാമത്തെ തുടര്‍ന്ന് 10 ശതമാനം റസ്റ്റോറന്‍റുകളും താൽക്കാലികമായി അടച്ചുപൂട്ടിയിരുന്നു. 60 മുതൽ 70 ശതമാനം വരെയുള്ള റസ്റ്റോറന്‍റുകൾ ഇൻഡക്ഷൻ അടുപ്പുകളെ അല്ലെങ്കിൽ മറ്റ് മാര്‍ഗങ്ങളിലേക്ക് മാറുകയും വിഭവങ്ങൾ വെട്ടിച്ചുരുക്കി പ്രവര്‍ത്തന സമയം കുറയ്ക്കുകയും ചെയ്തിരുന്നു
