നിയമസഭാ കക്ഷി നേതാവിനെ ചൊല്ലി സംസ്ഥാന ബിജെപിയില്‍ തര്‍ക്കം

തിരുവനന്തപുരം: നിയമസഭാ കക്ഷി നേതാവിനെ സംബന്ധിച്ച് സംസ്ഥാന ബിജെപിയില്‍ തര്‍ക്കം. കഴക്കൂട്ടത്ത് നിന്നും വിജയിച്ച വി. മുരളീധരന്‍ നേതൃസ്ഥാനം ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം ഉടലെടുത്തത്. സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍. പരിചയ സമ്പത്ത് ഉയര്‍ത്തിക്കാട്ടിയാണ് വി. മുരളീധരനായി ഒരു വിഭാഗം വാദിക്കുന്നത്. വി മുരളീധരന്‍ നിയമസഭാ കക്ഷി നേതാവാകും എന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. അങ്ങനെയാവുമ്പോള്‍ പാര്‍ട്ടിയില്‍ രണ്ട് അധികാര കേന്ദ്രം രൂപപ്പെടുമെന്ന വാദമാണ് ഓദ്യോഗിക പക്ഷം ഉയര്‍ത്തുന്നത്. ഒടുവിൽ തീരുമാനം ഇപ്പോൾ കേന്ദ്രത്തിന് വിട്ടിരിക്കുകയാണ്. നിയമസഭയില്‍ മൂന്ന് എംഎല്‍എമാരാണ് ബിജെപിക്കുള്ളത്.

തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമുള്ള ബിജെപി കോര്‍ കമ്മിറ്റിയില്‍ ശോഭാ സുരേന്ദ്രനും കെ. സുരേന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം മണ്ഡലം ശ്രദ്ധിച്ചാല്‍ പോരെന്നായിരുന്നു ഇരു നേതാക്കളോടും അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിര്‍ദേശിച്ചത്. മണ്ഡലങ്ങള്‍ മാറി മാറി മത്സരിക്കുന്നത് തിരിച്ചടിയായെന്നും മണ്ഡലം ശ്രദ്ധിച്ചവര്‍ വിജയിച്ചെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒദ്യോഗിക പക്ഷത്തിനെതിരെ കെ. സുരേന്ദ്രനും വി മുരളീധരനും രംഗത്തെത്തി. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പടെയുള്ള കാര്യങ്ങൾ ഏകപക്ഷീയമായി നടത്തിയെന്നായിരുന്നു വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *