തൃക്കരിപ്പൂരിലെ ശൈശവ വിവാഹം; പുരോഹിതൻ്റെ മൊഴിയെടുത്ത് പൊലീസ്

‌കാസർകോട്: തൃക്കരിപ്പൂരിലെ ശൈശവ വിവാഹത്തിൽ പുരോഹിതൻ്റെ മൊഴിയെടുത്ത് പൊലീസ്. ചന്തേര പൊലീസ് ആണ് എടച്ചാക്കൈ അഴീക്കാൽ ജുമാ മസ്ജിദിലെ പുരോഹിതൻ റഹ്മത്തുള്ള മദനിയുടെ മൊഴിയെടുത്തത്.

ചൈൽഡ് ലൈനോട് വിശദീകരിച്ചതുപോലെ അന്നു നടന്ന കാര്യം പൂർണമായും പൊലീസിനോടും വിശദീകരിച്ചുവെന്ന് റഹ്മത്തുള്ള പ്രതികരിച്ചു. പള്ളിയിൽ നടക്കുന്ന വിവാഹം സംബന്ധിച്ച് സമയം പള്ളി കമ്മിറ്റി അറിയിക്കുകയും പുരോഹിതനെത്തി മതാചാരപ്രകാരം ചടങ്ങ് നിർവഹിക്കലുമാണ് പതിവ്.

വധുവിൻ്റെ പ്രായം അടക്കം മറ്റ് കാര്യങ്ങൾ അറിയില്ലെന്നും റഹ്മത്തുള്ള മദനി പറഞ്ഞു. മതപരമായി വിവാഹം നടന്നെന്നും ഇദ്ദേഹം പറയുന്നു.

തൃക്കരിപ്പൂരിൽ 16 വയസ്സുകാരിയെ 28 കാരനായ പ്രവാസിയാണ് വിവാഹം കഴിച്ചത്. വരൻ ഉൾപ്പെടെ നാല് പേർക്കെതിരെ കോടതി നിർദേശ പ്രകാരം ചന്തേര പൊലീസ് കേസെടുത്തു.

ഈ മാസം 13 നാണ് എടച്ചാക്കൈ അഴിക്കാൽ ജുമാമസ്ജിദിൽ വിവാഹം നടന്നത്. ദക്ഷിണ കൊറിയയിൽ ജോലി ചെയ്യുന്ന 28 വയസുകാരനായ സാബിർ ഷെയ്ക്ക്, 16 വയസുകാരിയെ വിവാഹം കഴിക്കുകയായിരുന്നു. ചൈൽഡ് ലൈനിൽ ചിലർ വിവരം നൽകിയതോടെ അന്വേഷണം ഉണ്ടായി.

ബാല വിവാഹ നിരോധന ഓഫീസർ നടത്തിയ അന്വേഷണത്തിൽ ശൈശവ വിവാഹം നടന്നതായി കണ്ടെത്തി. റിപ്പോർട്ട് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് സമർപ്പിക്കുകയും ചെയ്തു.

ഇതോടെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ചന്തേര പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു. വരൻ സാബിർ ഷെയ്ക്ക്, പെൺകുട്ടിയുടെ പിതാവ്, എടച്ചാക്കൈ അഴിക്കാൽ ജുമാ മസ്ജിദ് സെക്രട്ടറിയും പടന്ന ഗ്രാമ പഞ്ചായത്ത് അംഗവുമായ പി. കെ താജുദ്ദീൻ, വിവാഹം നടത്തിയ ഉസ്താദ് റഹ്മത്തുള്ള എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *