ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ ചെന്നിത്തലയുടെ മുഴുവൻ പേജ് പരസ്യം; എ. പ്രിജിൻ ബാബുവിന് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരസ്യം നൽകിയതിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി കെപിസിസി. തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി എ. പ്രിജിൻ ബാബുവിനാണ് നോട്ടീസ് നൽകിയത്. കടുത്ത അച്ചടക്ക ലംഘനമാണ് നടന്നതെന്നും ഫീച്ചർ നൽകിയതിൽ വിശദീകരണം നൽകണമെന്നുമാണ് കെപിസിസി അറിയിച്ചിരിക്കുന്നത്.

കോൺഗ്രസ് പാർട്ടിയുടെ നിലപാടുകൾക്കും നിർദ്ദേശത്തിനും വിരുദ്ധമായി ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ ഫോക്കസ് ഫീച്ചറായി മുഴുവൻ പേജ് പരസ്യം നൽകിയ എ. പ്രിജിൻ ബാബുവിൻ്റെ നടപടി കടുത്ത അച്ചടക്ക ലംഘനമായി വിലയിരുത്തി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ നിർദ്ദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലാണ് നോട്ടീസ് നൽകിയത്.

തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്താൻ പാടില്ലെന്ന് എഐസിസിയും കെപിസിസിയും നിർദ്ദേശം നൽകിയിരുന്നു. അതിന് വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് എ പ്രിജിൻ ബാബുവിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനകം കൃത്യമായ വിശദീകരണം കെപിസിസി നേതൃത്വത്തിന് നൽകാത്ത പക്ഷം തുടർ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *