മക്ക: ഹജ്ജിലെ പ്രധാന ചടങ്ങുകളിലൊന്നായ ജംറയിലെ കർമത്തിൽ ഭൂരിഭാഗം തീർഥാടകരും വൈകുന്നേരത്തെ സമയം തിരഞ്ഞെടുക്കുന്നതായി സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഏകദേശം 70 ശതമാനത്തോളം തീർഥാടകരും ഉച്ചയ്ക്ക് 2:00 മണിക്കും 6മണിക്കും അർധരാത്രിക്കും ഇടയിലാണ് കർമം നിർവഹിച്ചത്. അതേസമയം, ബാക്കി 30 ശതമാനം ആളുകൾ പുലർച്ചെ 12:00 മണിക്കും രാവിലെ 10:00 മണിക്കും ഇടയിലുള്ള സമയമാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. വൈകുന്നേരം 5 മണിക്കാണ് ജംറയിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി.
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള ശക്തമായ ഫീൽഡ് ഓപ്പറേഷനുകളാണ് തീർഥാടകർക്ക് സുരക്ഷിതമായി കർമങ്ങൾ പൂർത്തിയാക്കാൻ വഴിയൊരുക്കിയത്. ഇതിനായി പ്രത്യേക ഡിജിറ്റൽ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റവും ജോയിന്റ് ഓപ്പറേഷൻസ് സെന്ററും മിനയിൽ മുഴുവൻ സമയവും സജീവമായിരുന്നു. ഇതുകൂടാതെ, മിനയുടെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരിക്കുന്ന നുസുക് ഇനായ കേന്ദ്രങ്ങളിലെ ഫീൽഡ് ടീമുകൾ തീർഥാടകർക്ക് ആവശ്യമായ മാർഗനിർദേശങ്ങളും സഹായങ്ങളും തത്സമയം ലഭ്യമാക്കുന്നുണ്ട്.
