പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രത്യേക നിർദ്ദേശപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ഔദ്യോഗികമായി ക്ഷണിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസായ ‘സേവാ തീർത്ഥ്’ ഹാളിൽ വെച്ച് നടന്ന അതീവ പ്രാധാന്യമുള്ള കൂടിക്കാഴ്ചയിലാണ് റൂബിയോ ഈ ക്ഷണം കൈമാറിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ എന്നിവയിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ഒരു മണിക്കൂറിലധികം നീണ്ട ചർച്ച നടത്തി. വരും ദിവസങ്ങളിൽ തന്നെ പ്രധാനമന്ത്രിയുടെ വാഷിംഗ്ടൺ സന്ദർശനം ഉണ്ടായേക്കുമെന്നാണ് യുഎസ് അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കിയത്.

തന്‍റെ കന്നി ഇന്ത്യൻ സന്ദർശനത്തിനായി ശനിയാഴ്ച രാവിലെയാണ് മാർക്കോ റൂബിയോ ഇന്ത്യയിലെത്തിയത്. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ് അദ്ദേഹം ആദ്യം ഇറങ്ങിയത്. അവിടെ വിശുദ്ധ മദർ തെരേസ സ്ഥാപിച്ച ‘മിഷനറീസ് ഓഫ് ചാരിറ്റി’യുടെ ആഗോള ആസ്ഥാനമായ മദർ ഹൗസും, അതിനോട് ചേർന്നുള്ള നിർമ്മല ശിശുഭവൻ എന്ന അനാഥാലയവും അദ്ദേഹം സന്ദർശിച്ചു. ഭാര്യ ജെന്നറ്റ് റൂബിയോ, യുഎസ് അംബാസഡർ സെർജിയോ ഗോർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ 14 വർഷത്തിനിടയിൽ ഒരു അമേരിക്കൻ വിദേശകാര്യ സെക്രട്ടറി കൊൽക്കത്ത സന്ദർശിക്കുന്നത് ഇതാദ്യമായാണ്.

Leave a Reply

Your email address will not be published. Required fields are marked *