കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു വധക്കേസിൽ സാക്ഷിവിസ്താരത്തിന് എത്തിയ പ്രതികൾ ഇന്നും ഒരേ വേഷത്തിൽ. വെള്ള ഷർട്ടും വെള്ള മുണ്ടും ധരിച്ച് മാസ്ക് വെച്ചാണ് 16 പ്രതികളും കോടതിയിലെത്തിയത്. കോടതി മുറിയിൽ പ്രവേശിച്ചപ്പോൾ മാസ്ക് അഴിച്ചുമാറ്റി. സാക്ഷികൾക്ക് പ്രതികളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാക്കാനാണ് ഒരേ വേഷത്തിൽ എത്തുന്നതെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു.
കേസിൽ ഇന്ന് രണ്ട് സാക്ഷികളെ കോടതി വിസ്തരിച്ചു. അഭിമന്യുവിന്റെ സുഹൃത്തുക്കളായ രണ്ടാം സാക്ഷി അർജുനും അഞ്ചാം സാക്ഷി ബോബിൻസണും പ്രതികളെ തിരിച്ചറിഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച ഇടി വളയും കത്തിയും സാക്ഷികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണസമയത്ത് പ്രതികളിൽ ഒരാൾ ധരിച്ചിരുന്ന വസ്ത്രവും തിരിച്ചറിഞ്ഞു. സാക്ഷിവിസ്താരം നാളെയും തുടരും. ബുധനാഴ്ച മുതൽ ക്രോസ് വിസ്താരം ആരംഭിക്കും.
എട്ട് വർഷത്തിന് ശേഷമാണ് അഭിമന്യു വധക്കേസിൽ വിചാരണ ആരംഭിച്ചത്. ഇന്നലെ നടന്നത് ഒന്നാം സാക്ഷിയുടെ വിസ്താരമായിരുന്നു. അന്നും പ്രതികൾ ഒരേ വേഷത്തിൽ മുഖംമറച്ചാണ് കോടതിയിലെത്തിയത്. മാസ്ക് ധരിച്ച് കോടതിയിൽ പ്രവേശിച്ച പ്രതികളോട് അത് അഴിച്ചുമാറ്റാൻ ജഡ്ജി നിർദേശിച്ചിരുന്നു. ഇനി രൂപമാറ്റം വരുത്തി വിചാരണയ്ക്ക് എത്തിയാൽ നടപടിയുണ്ടാകുമെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
തുടർച്ചയായ ദിവസങ്ങളിൽ വിചാരണ നടത്തി പ്രോസിക്യൂഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. 2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജ് ക്യാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അഭിമന്യു കുത്തേറ്റ് കൊല്ലപ്പെട്ടത്. കേസിലെ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.



