തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരെ പ്രമേയം പാസാക്കി ചിറയിൻകീഴിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ. എംഎൽഎ പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കണമെന്നും ആസ്തി വികസന ഫണ്ട് കൃത്യമായി വിനിയോഗിച്ച് പദ്ധതികൾ സമർപ്പിക്കണമെന്നും കിഴുവിലം, പൂന്തള്ളൂർ മണ്ഡലം കമ്മിറ്റികൾ ആവശ്യപ്പെട്ടു. രണ്ട് കമ്മിറ്റികളുടെയും യോഗത്തിൽ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. പ്രമേയം കെപിസിസി നേതൃത്വത്തിന് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.
രമ്യ ഹരിദാസ് പാർട്ടിക്കുള്ളിൽ അനാവശ്യ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുവെന്നാണ് പ്രമേയത്തിലെ പ്രധാന വിമർശനം. എംഎൽഎയുടെ ആസ്തി വികസന ഫണ്ടുമായി ബന്ധപ്പെട്ട അപേക്ഷകൾ പരിഗണിക്കാനോ പദ്ധതികളുടെ പ്രൊപ്പോസലുകൾ സമർപ്പിക്കാനോ എംഎൽഎയോ ഓഫീസോ തയ്യാറാകുന്നില്ലെന്ന പരാതിയും മണ്ഡലം കമ്മിറ്റികൾ ഉന്നയിച്ചു. എംഎൽഎയും പാർട്ടി പ്രവർത്തകരും തമ്മിലുണ്ടായ തർക്കവും കയ്യാങ്കളി വിവാദവും നിലനിൽക്കുന്നതിനിടെയാണ് പ്രാദേശിക നേതൃത്വം പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ, ചിറയിൻകീഴിൽ യൂത്ത് കോൺഗ്രസ് നേതാവ് സജിത്തുമായുള്ള തർക്കത്തെത്തുടർന്നുണ്ടായ വിവാദത്തിൽ കെപിസിസി നേതൃത്വം രമ്യ ഹരിദാസിന് താക്കീത് നൽകിയിരുന്നു. പ്രദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി എം.എം. ഹസന്റെ നേതൃത്വത്തിൽ സമിതിയും രൂപീകരിച്ചു. കെപിസിസി സംഘടനാ ചുമതലയുള്ള സെക്രട്ടറി നെയ്യാറ്റിൻകര സനൽ, കെ.എസ്. ശബരീനാഥൻ എന്നിവരും സമിതിയിലുണ്ട്.
എന്നാൽ, സമിതി രൂപീകരിച്ചിട്ടും പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ലെന്ന വിമർശനമാണ് പുതിയ സംഭവവികാസങ്ങളോടെ ഉയരുന്നത്. കഴിഞ്ഞ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയത്തിന് രമ്യ ഹരിദാസുമായി ബന്ധപ്പെട്ട വിവാദം അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തൽ ജില്ലാ കോൺഗ്രസ് നേതൃത്വത്തിനുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ മണ്ഡലം കമ്മിറ്റികൾ തന്നെ എംഎൽഎയ്ക്കെതിരെ പ്രമേയം പാസാക്കിയത് കോൺഗ്രസിലെ ആഭ്യന്തര തർക്കം കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.



