തന്റെ അഭിനയജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും ലളിതമായ ജീവിതരീതിയെക്കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് നടൻ ഇന്ദ്രൻസ്. ‘കഥാവശേഷൻ’ എന്ന ചിത്രമാണ് കോമഡി കഥാപാത്രങ്ങളിൽ നിന്ന് ഗൗരവമുള്ള വേഷങ്ങളിലേക്ക് മാറാൻ തനിക്ക് ആത്മവിശ്വാസം നൽകിയതെന്ന് ഇന്ദ്രൻസ് പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. കഥാപാത്രങ്ങളിലെ മാറ്റം ബോധപൂർവം സംഭവിച്ചതല്ലെന്നും സംവിധായകരാണ് അതിന് വഴിയൊരുക്കിയതെന്നും ഇന്ദ്രൻസ് വ്യക്തമാക്കി.
സിനിമയിൽ ഉയരങ്ങളിലെത്തിയിട്ടും ആഡംബര ജീവിതത്തോട് താൽപര്യമില്ലെന്നാണ് താരം പറയുന്നത്. നിർമാതാക്കൾ എസി ട്രെയിൻ ടിക്കറ്റ് എടുത്തുനൽകിയാലും താൻ ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്തിരുന്ന അനുഭവവും ഇന്ദ്രൻസ് പങ്കുവച്ചു. സൗകര്യങ്ങൾ കൂടുമ്പോൾ അതിനനുസരിച്ച് ജീവിക്കാൻ അഭിനയിക്കേണ്ടിവരുമെന്ന ഭയമായിരുന്നു അതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പഠിച്ചിരുന്നെങ്കിൽ ഒരുപക്ഷേ തനിക്ക് അഹങ്കാരം വന്നേനെയെന്നും മലയാളം മാത്രം അറിഞ്ഞതുകൊണ്ട് ജീവിതത്തിൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ഇന്ദ്രൻസ് പറയുന്നു. താരപദവിയിലും ലാളിത്യം കൈവിടാത്ത ഇന്ദ്രൻസിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.



