കൊൽക്കത്ത: യാത്രയ്ക്കിടെ ആകാശമധ്യേ എയർ ആംബുലൻസിന്റെ വാതിൽ തുറന്നതിനെത്തുടർന്ന് ഇന്ത്യൻ വനിതയ്ക്ക് ദാരുണാന്ത്യം. അപകടത്തെത്തുടർന്ന് വിമാനം അടിയന്തരമായി ബംഗ്ലാദേശിലെ ധാക്കയിലുള്ള ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച അഗർത്തലയിൽനിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന എയർ ആംബുലൻസിലാണ് സംഭവം. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ബംഗ്ലാദേശി വാർത്താ ഏജൻസിയായ ബിഎസ്എസ് ന്യൂസാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
56 വയസ്സുകാരിയായ അഞ്ജന ഭൗമിക്കിനെയാണ് അപകടത്തെത്തുടർന്ന് ധാക്കയിലെ കുർമിറ്റോള മൾട്ടികെയർ സ്പെഷ്യലൈസ്ഡ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ഇവർ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
രണ്ട് പൈലറ്റുമാർ, രോഗി, ഒരു ഡോക്ടർ, ഒരു പാരാമെഡിക്കൽ ജീവനക്കാരൻ, രോഗിക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേർ എന്നിവരടക്കം ഏഴുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



