കൊച്ചി : മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയിൽനിന്ന് രാജിവെച്ച് നടി അൻസിബ ഹസൻ. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു അവർ. അൻസിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേതാ മേനോൻ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലും തൊഴിൽപരമായ തിരക്കുകളാലുമാണ് താരം പിന്മാറിയതെന്നും അവർ പ്രതികരിച്ചു.
കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷമാണ് അൻസിബയുടെ രാജി സംബന്ധിച്ച് ശ്വേതാ മേനോൻ ഔദ്യോഗിക വിശദീകരണം നൽകിയത്. ഫെബ്രുവരി 21-ഓടെ തന്നെ അൻസിബ രാജിക്കത്ത് നൽകിയിരുന്നതായി അവർ വ്യക്തമാക്കി. തൊഴിൽപരമായ തിരക്കുകൾ ഉള്ളതിനാൽ സംഘടനയുടെ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്താൻ ബുദ്ധിമുട്ടുള്ളതിനാലാണ് ഈ തീരുമാനമെന്ന് അൻസിബ അറിയിച്ചതായും ശ്വേത വ്യക്തമാക്കി.
