മലയാള സിനിമാ ചരിത്രത്തിലെ ജനപ്രീതിയാർജ്ജിച്ച ക്രൈം ത്രില്ലർ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ ‘ദൃശ്യം 3’ തിയേറ്ററുകളിൽ വൻ വിജയമാണ് നേടിയത്. സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് 100 കോടി ക്ലബിലെത്തിയത്. തിയേറ്ററിലെ മികച്ച പ്രകടനത്തിന് പിന്നാലെ ചിത്രം ഒടിടിയിലും എത്തിയിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് നാലാം ഭാഗം ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. ദൃശ്യത്തിന് ഉറപ്പായും നാലാം ഭാഗം ഉണ്ടാകുമെന്നും ഇതെന്റെ മനസിൽ നിന്ന് പറയുന്നതാണെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു.
അതേസമയം, ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ആകെ നേടിയത് 237.70 കോടിയാണ്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 90.21 കോടി ആയിരുന്നു. കേരളത്തിന് പുറത്ത്, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി ഏകദേശം 37 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് വലിയ മാര്‍ക്കറ്റുള്ള വിദേശരാജ്യങ്ങളില്‍ നിന്നും 109 കോടിയോളമാണ് ചിത്രം നേടിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മാത്രം ചിത്രം 100 കോടി ക്ലബ്ബിലും കയറി. ഇതോടെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയിട്ടുള്ള ചിത്രങ്ങളുടെ ലിസ്റ്റില്‍ നാലാം സ്ഥാനം സ്വന്തമാക്കാനും ദൃശ്യം 3യ്ക്ക് സാധിച്ചിരിക്കുകയാണ്.



