ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇന്ത്യയൊട്ടാകെ അലയടിച്ച പ്രതിഷേധങ്ങൾക്ക് ശേഷം രാജ്യത്തെ മൂന്ന് നിയമസഭാ സീറ്റുകളിൽ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ബിഹാറിലെ ബങ്കിപ്പൂർ, മധ്യപ്രദേശിലെ ദതിയ, ഗുജറാത്തിലെ മഞ്ചാൽപൂർ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചത്. വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പായതിനാൽ ഫലം മൂന്നു സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിക്ക് നിർണായകമാണ്. ഓഗസ്റ്റ് മൂന്നിനാണ് വോട്ടെണ്ണൽ നടക്കുക.
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ച ഒഴിവിലാണ് ബങ്കിപ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയുടെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന ബങ്കിപ്പൂർ നിലനിർത്താനായി യുവ നേതാവായ നീരജ് കുമാർ സിൻഹ ആണ് മത്സരരംഗത്തുള്ളത്. സിൻഹയുടെ വിജയത്തിനായി നിതീൻ നബീൻ, മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ അടക്കമുള്ള രംഗത്തെത്തിയിരുന്നു.പ്രശാന്ത് കിഷോറിൻ്റെ കന്നിമത്സരംജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിൻ്റെ മത്സരം ബങ്കിപ്പൂനെ ശ്രദ്ധാകേന്ദ്രമാക്കിയിട്ടുണ്ട്.
ബങ്കിപ്പൂരിലേത് പ്രശാന്ത് കിഷോറിൻ്റെ കന്നിമത്സരമാണ്. കഴിഞ്ഞ വർഷം നടന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു ചലനവും ഉണ്ടാക്കാൻ കഴിയാതെ പോയ ജൻ സുരാജ് പാർട്ടിക്ക് ഇത്തവണ അഭിമാന പോരാട്ടം കൂടിയാണ്. ബങ്കിപ്പൂരിൽ 26 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടെങ്കിലും പോരാട്ടം നീരജ് കുമാർ സിൻഹയും പ്രശാന്ത് കിഷോറും തമ്മിലാണെന്നാണ് വിലയിരുത്തൽ. ആർജെഡിക്ക് വേണ്ടി രേഖ കുമാരി ഗുപ്ത ആണ് മത്സരിക്കുന്നത്. 2025ൽ ബിജെപിക്കായി മത്സരിച്ച നിതിൻ നബീൻ 51,936 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രേഖ കുമാരി ഗുപ്തയെ പരാജയപ്പെടുത്തിയത്.
