ന്യൂഡൽഹി: നവംബർ ഒന്നിലെ മഹാറാലിയിൽ മാറ്റമില്ലെന്ന് കോൺഗ്രസ്. ദില്ലിയിൽ പത്ത് ലക്ഷം പേരെ പങ്കെടുപ്പിച്ച് റാലി നടത്താനാണ് പാർട്ടിയുടെ തീരുമാനം. വ്യാപാരികളുടെയും ബിജെപിയുടെയും എതിർപ്പുകൾ തള്ളിയാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നത്. നവംബർ 30 മുതൽ ദില്ലിയിലെത്തണമെന്ന് ആവശ്യപ്പെട്ട് AICC അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നേതാക്കൾക്കും പ്രവർത്തകർക്കും കത്തയച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബർ 30ന് പ്രതീകാത്മക വിചാരണ നടത്താനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. മുൻ ജഡ്ജിമാരടക്കമുള്ളവർ ഇതിൽ പങ്കെടുക്കും. ശൈത്യകാല സമ്മേളനത്തിൽ ഇംപീച്ച്മെന്റ് നോട്ടീസ് നൽകാനും നീക്കമുണ്ട്. സിഖ് കലാപത്തിന്റെ വാർഷിക ദിനത്തിൽ റാലി നടത്തുന്നതിനെതിരെ BJP വിമർശനം ഉയർത്തിയിട്ടുണ്ട്. എന്നാൽ പിന്നോട്ടില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്.
രാഹുൽ ഗാന്ധി തിരിച്ചെത്തുന്നതോടെ തുടർസമരങ്ങൾ ശക്തമാക്കും. പ്രതിപക്ഷ ഐക്യം പ്രകടിപ്പിക്കാനും കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനുമാണ് മഹാറാലിയിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്. പ്രതിപക്ഷ നേതാക്കളെ ഒരുമിച്ച് അണിനിരത്തി ശക്തമായ രാഷ്ട്രീയ സന്ദേശം നൽകാനാണ് കോൺഗ്രസിന്റെ നീക്കം. റാലി മാറ്റണമെന്ന വ്യാപാരികളുടെ ആവശ്യം തള്ളിയതോടെ വിവാദവും ശക്തമായി. പ്രതിഷേധം വ്യാപാരത്തെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. റാലിയിലൂടെ പ്രതിപക്ഷത്തിന് എത്രത്തോളം ജനപിന്തുണ നേടാനാകുമെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. നവംബർ ഒന്നിലെ പ്രതിഷേധം ദേശീയ രാഷ്ട്രീയത്തിൽ നിർണായകമാകുമോ എന്നതും ശ്രദ്ധേയമാണ്.



