കൊച്ചി:കേരളത്തെക്കുറിച്ച് വിദ്വേഷപ്രചരണം നടത്തിയ ഉത്തരേന്ത്യൻ യൂട്യൂബർ അമൃത് സിംഗ് ഡാരനെതിരെയും വീഡിയോയെ പിന്തുണച്ച ദിയ കൃഷ്ണക്കെതിരെയും നടപടി വേണമെന്ന് DYFI സംസ്ഥാന സെക്രട്ടേറിയറ്റ്. ലിറ്റിചോക്കപ്പ് എന്ന ഇൻസ്റ്റഗ്രാം പേജിനെതിരെയും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഫോർട്ട് കൊച്ചി മുസ്ലീങ്ങൾ നിറഞ്ഞതാണെന്നും കേരളം അപകടത്തിലാണെന്നും പരാമർശിക്കുന്ന വീഡിയോ മതവിദ്വേഷം വളർത്തുന്നതാണെന്നാണ് DYFIയുടെ ആരോപണം. വിവിധ മതവിഭാഗങ്ങൾ സ്നേഹത്തോടെയും സഹിഷ്ണുതയോടെയും കഴിയുന്ന കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമായി ചെറുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. മതനിരപേക്ഷതയുടെ ശക്തമായ കേന്ദ്രമായ കേരളത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം.
ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവർക്കും അതിനെ പിന്തുണയ്ക്കുന്നവർക്കുമെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും DYFI സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. വിദ്വേഷപ്രചാരണങ്ങൾക്കെതിരെ കേരളീയ സമൂഹം ജാഗ്രത പുലർത്തണമെന്നും സംഘടന വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലെ ഇത്തരം ഉള്ളടക്കങ്ങൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമെന്നും മതസൗഹാർദം സംരക്ഷിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും DYFI ആഹ്വാനം ചെയ്തു. ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ സമൂഹത്തിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുമ്പോൾ, വസ്തുതകൾ പരിശോധിച്ച് പ്രതികരിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും DYFI വ്യക്തമാക്കി.



