ഡൽഹിയിൽ രാഹുൽ ​ഗാന്ധിക്കെതിരെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത് ഡിഎംകെ

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ച് നടന്ന ഇന്ത്യ സഖ്യത്തിന്‍റെ നി‍ർണായക യോഗത്തിന് മുന്നോടിയായി ഡൽഹിയിൽ രാഹുൽ ഗാന്ധിക്കെതിരെ ഫ്ലക്സ് പ്രതിഷേധം നടത്തിയത് ആരാണെന്ന് വ്യക്തമാക്കി. തങ്ങളാണ് പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ചതെന്ന് ഡിഎംകെ വ്യക്തമാക്കി. പാർട്ടി മുഖപത്രം ആയ മുരശൊലിയിലൂടെയാണ് ഡിഎംകെയുടെ സ്ഥിരീകരണം. പ്രവർത്തകരുടെ വികാരം ഇന്ത്യ സഖ്യത്തെ അറിയിച്ചതാണെന്നും ഡിഎംകെ മുഖപത്രം വിവരിച്ചിട്ടുണ്ട്.

കോൺഗ്രസിനെയും രാഹുൽ ഗാന്ധിയേയും പരിഹസിച്ചാണ് ഇന്നലെ ഡൽഹി നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ ഇന്ത്യ സഖ്യ യോഗത്തിൽ പങ്കെടുത്ത മമത ബാനർജിയടക്കമുള്ള നേതാക്കൾ രാഹുൽ ഗാന്ധിക്കെതിരെ മുമ്പ് നടത്തിയ വിമർശനങ്ങളായിരുന്നു ഫ്ലക്സിലുണ്ടായിരുന്നത്. ചില ഫ്ലക്സുകളിൽ ഡിഎംകെ അധ്യക്ഷൻ എം. കെ സ്റ്റാലിന്‍റെ ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിൽ ഡിഎംകെ പങ്കെടുത്തിരുന്നില്ല. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് തങ്ങളെ വഞ്ചിച്ച് വിജയ്ക്ക് കൈ കൊടുത്ത് സർക്കാർ ഉണ്ടാക്കിയെന്നും, അതിനാൽ കോൺഗ്രസ് പങ്കെടുക്കുന്ന ഒരു യോഗത്തിലും തങ്ങൾ ഭാഗമാകില്ലെന്നുമാണ് എം. കെ സ്റ്റാലിനും ഡിഎംകെയും പ്രഖ്യാപിച്ചിരുന്നത്.

ഇന്ത്യ സഖ്യത്തിന്റെ തുടക്കം മുതൽശക്തമായ നെടുംതൂണായി പ്രവർത്തിച്ചിരുന്നത് സ്റ്റാലിൻ ആയിരുന്നുവെന്നും സഖ്യ രൂപീകരണത്തിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നത് എല്ലാ കക്ഷികൾക്കും ബോധ്യമുള്ള കാര്യമാണെന്നും പാർട്ടി ഓർമ്മിപ്പിച്ചിരുന്നു. കോൺഗ്രസ് നയിക്കുന്ന കൂട്ടായ്മയോടുള്ള വിയോജിപ്പ് കാരണം യോഗത്തിൽ നിന്നും മാറിനിൽക്കുന്നത് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ നിന്നുള്ള പിന്മാറ്റമായി കാണരുതെന്നും ഡിഎംകെ വ്യക്തമാക്കിയിട്ടുണ്ട്. സഖ്യത്തിലെ മറ്റ് കക്ഷികൾ ഉന്നയിക്കുന്ന ജനക്ഷേമകരമായ ദേശീയ വിഷയങ്ങൾക്ക് ഡിഎംകെ യുടെ പൂർണ്ണ പിന്തുണയും ശബ്ദവും തുടർന്നും ഉണ്ടാകുമെന്നും തങ്ങൾ ഉയർത്തിയ പോരാട്ടങ്ങളിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *