ഇ 20 പെട്രോൾ: ഒന്നും ഒളിക്കാനില്ലെങ്കിൽ കേന്ദ്രം പഠന റിപ്പോർട്ട് പുറത്തുവിടണമെന്ന് എഎ റഹീം എം പി

ഡൽഹി: ഇ 20 പെട്രോളിൽ വാഹന ഉപഭോക്താക്കളെ അവഹേളിക്കുന്ന വിധത്തിലാണ് കേന്ദ്രസർക്കാർ മറുപടിയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എം പി. ഇ 20യുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് വിരുദ്ധമാണ് വിഷയത്തിൽ പാർലമെന്റിൽ ലഭിച്ച മറുപടി. ഇത് ചൂണ്ടിക്കാട്ടി രാജ്യസഭ ചെയർമാന് അവകാശലംഘന നോട്ടീസ് നൽകുമെന്നും സർക്കാർ നിലപാട് അപലപനീയമാണെന്നും എ എ റഹീം പറഞ്ഞു.

BS3 വാഹനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് സമ്മതിച്ചുവെന്നും അനുഭവസ്ഥരുടെ പരാതികൾ തള്ളിപ്പറയുന്നുവെന്നും എഎ റഹീം പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഡ്രൈവിംഗ് ഹാബിറ്റുകളാണ് എന്നാണ് മറുപടി. പഠനം നടത്തിയ ഓട്ടോമാറ്റിവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ ഡയറക്ടർ തന്നെ ഇ 20 പെട്രോൾ കൊണ്ട് മൈലേജ് കുറയുമെന്ന് പറഞ്ഞിട്ടുണ്ട്. 2.6 % വരെ കുറയാമെന്നാണ് പറഞ്ഞതെന്ന് എഎ റഹീം ചൂണ്ടിക്കാട്ടി.

അനുഭവസ്ഥരെ കേൾക്കാൻ കേന്ദ്രം തയാറാകണമെന്ന് എഎ റഹീം ആവശ്യപ്പെട്ടു. നിധിൻ ഗഡ്കരിയുടെ കുടുംബവുമായി ബന്ധപ്പെട്ട് വന്ന ആരോപണങ്ങൾ കേന്ദ്രം ജനങ്ങളോട് വിശദീകരിക്കണം. ഒന്നും ഒളിക്കാനില്ലെങ്കിൽ കേന്ദ്രം പഠന റിപ്പോർട്ട് പുറത്തുവിടണമെന്ന് എഎ റഹീം ആവശ്യപ്പെട്ടു. വാഹനങ്ങളിൽ ഇ20 പെട്രോൾ സുരക്ഷിതം എന്നയിരുന്നു രാജ്യസഭയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നത്. വാഹനത്തിന്റെ എൻജിന്റെ പ്രവർത്തനത്തെയോ കാര്യക്ഷമതയെയോ ദോഷകരമായി ബാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. വിദഗ്ധ സമിതികളുടെ പഠനങ്ങളുടെയും കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണ് ഇ20 അവതരിപ്പിച്ചതെന്നും മന്ത്രി എഎ റഹീമിന് മറുപടി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *