തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ നടന്ന ഓണാഘോഷ പരിപാടികൾക്കിടെ ജയിൽ ജീവനക്കാർ തമ്മിലടിച്ചു. ജയിൽ ജീവനക്കാരുടെ അസോസിയേഷന്റെ മേഖലാ ഓണാഘോഷത്തോടനുബന്ധിച്ച് ശനിയാഴ്ച രാത്രി സംഘടിപ്പിച്ച ഡിജെ പാർട്ടിക്കിടെയാണ് സംഭവം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള ജീവനക്കാർ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഡിജെ പാർട്ടിക്കിടെ ചില ജീവനക്കാർ സ്റ്റേജിൽ കയറി പാടാനും നൃത്തംചെയ്യാനും ശ്രമിച്ചതിനെ തുടർന്നുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.
അടിപിടിയെ തുടർന്ന് ഒരു ജീവനക്കാരന് കണ്ണിന് പരിക്കേൽക്കുകയും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രശ്നമുണ്ടാക്കിയവർ മദ്യപിച്ചിരുന്നതായും സംശയമുണ്ട്. തമ്മിലടിയെ തുടർന്നുണ്ടായ പ്രശ്നങ്ങൾ ജയിൽ ജീവനക്കാർ അപ്പോൾത്തന്നെ പരിഹരിച്ചെന്നാണ് വിവരം. ജീവനക്കാരുടെ സംഘടനയുടെ പരിപാടിയായതിനാലും ആരും പരാതി നൽകാത്തതിനാലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.



