ഡൽഹി: തലവേദന വന്നാലും വയറുവേദന വന്നാലുമൊക്കെ ഡോക്ടർമാരുടെ നിർദേശമില്ലാതെ സ്വയം മരുന്ന് വാങ്ങിക്കഴിക്കുന്നവരുണ്ട്. കൃത്യമായ ഡോസിലും പരിമിതമായ അളവിലുമൊക്കെ ഉപയോഗിച്ചാൽ സുരക്ഷിതവും ഫലപ്രദവുമാണിവ. അതിനുപകരം സ്വന്തം ഇഷ്ടപ്രകാരം, യാതൊരു നിയന്ത്രണവുമില്ലാതെ കഴിക്കുമ്പോൾ ഡോസ് അമിതമാവുകയും പിന്നീട് പല ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കുകയും ചെയ്യും. വേദനസംഹാരികളുടെ അമിതോപയോഗം കരൾരോഗത്തിന് കാരണമാകുന്നതിനേക്കുറിച്ച് വ്യക്തമാക്കുകയാണ് ഒരു പഠനം.
തെറാപ്യൂട്ടിക് അഡ്വാൻസസ് ഇൻ aഗ്യാസ്ട്രഎൻട്രോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വേദനസംഹാരികൾ അമിതമായി കഴിക്കുന്നത് മൂലം കരളിന്റെ ആരോഗ്യം തകരാറിലാവുന്നതിനെ ഡ്രഗ് ഇൻഡ്യൂസ്ഡ് ലിവർ ഇഞ്ചുറി എന്നാണ് പറയുന്നത്. ഏതുതരം വേദനസംഹാരിയാണ് ഉപയോഗിക്കുന്നത് എന്നതിനനുസരിച്ച് അപകടസാധ്യത വീണ്ടും കൂടുമെന്നും പഠനത്തിൽ വ്യക്തമാക്കി.
