ചെന്നൈ / കൊൽക്കത്ത: തമിഴ്നാടും ബംഗാളും നാളെ പോളിങ് ബൂത്തിലേക്ക്. തമിഴ്നാട് പൂർണമായും ബംഗാളിലെ പകുതി പേരും നാളെ ജനവിധി രേഖപ്പെടുത്താൻ പോളിങ് ബൂത്തിലെത്തും. ഒരു മാസം നീണ്ട പരസ്യപ്രചാരണത്തിനാണ് ഇന്നലെ തിരശീല വീണത്. തമിഴ്നാട്ടിൽ ഡി.എം.കെ മുന്നണി, എൻ.ഡി.എ, നടൻ വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ, വി.കെ ശശികല-എസ് രാംദോസ് പക്ഷം നയിക്കുന്ന മുന്നണി എന്നിവർ അവസാനലാപ്പിലും വാശിയേറിയ പ്രചാരണമാണ് നയിച്ചത്. ടി.വി.കെ നേതാവ് വിജയ് ചെന്നൈയിൽ റോഡ് ഷോ നടത്തി. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി സേലത്ത് പ്രചാരണം നടത്തി.
ലോക്സഭ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ, ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തുടങ്ങിയ നേതാക്കളും അവസാനഘട്ട പ്രചാരണത്തിന് സംസ്ഥാനത്തെത്തി. 234 നിയമസഭാ മണ്ഡലങ്ങളിലും ഒറ്റഘട്ടമായി നാളെ രാവിലെ 7 മണി മുതലാണ് പോളിംഗ് നടക്കുക.
പശ്ചിമ ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പും നാളെ നടക്കും. 152 സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
അതേസമയം തമിഴ്നാട്ടിൽ പോളിംഗ് തലേന്നും വോട്ടിന് പണമൊഴുക്കുന്നതിനെ ചൊല്ലി പരാതികൾ ഉയരുന്നുണ്ട്. മൈലാപ്പൂരിലെ ഡിഎംകെ സ്ഥാനാർത്ഥി ഡി. വേലുവിൻ്റെ സഹായിയുടെ വീട്ടിൽ നിന്ന് 2 കോടി രൂപ തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചു. വേലുവിനെ അയോഗ്യനാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സെന്തിൽ ബാലാജി മത്സരിക്കുന്ന കോയമ്പത്തൂർ സൗത്തിലെ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ സ്ഥാനാർത്ഥി കെ അർജുനൻ ജില്ലാ കളക്ടറേറ്റിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
