തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; അടിയന്തര ഇടപ്പെടലുമായി മുഖ്യമന്ത്രി

തൃശൂര്‍: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അടിയന്തര ഇടപെടൽ നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായി ഇക്കാര്യം സംസാരിച്ചു.

പൊള്ളലേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തണം. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്. ഇത് മോണിറ്റര്‍ ചെയ്യാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആരോഗ്യവകുപ്പുകളുടെ എല്ലാ സംവിധാനങ്ങളെയും റവന്യൂ, ദുരന്തനിവാരണ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മരണമടഞ്ഞവരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

അതേസമയം സ്‌ഫോടനത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സമീപത്തെ മറ്റ് ആശുപത്രികള്‍ക്കും സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്താനും നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *