മുംബൈ: ‘ഡിവൈ പാട്ടീൽ’ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയും മുൻ ഗവർണറുമായ ഡി.വൈ. പാട്ടീൽ(ധ്യാൻദേവ് യശ്വന്ത്റാവു പാട്ടീൽ) അന്തരിച്ചു. 90 വയസ്സായിരുന്നു. മഹാരാഷ്ട്രയിലെ കോലാപൂരിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ ഗ്രൂപ്പുകളിലൊന്നായ ഡിവൈ പാട്ടീൽ ഗ്രൂപ്പിന്റെ സ്ഥാപകനാണ്. മഹാരാഷ്ട്രയിൽ എംഎൽഎയായും ത്രിപുര, ബിഹാർ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളിലെ പ്രവർത്തനത്തിന് 1991-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. നേരത്തേ മഹാരാഷ്ട്രയിലെ കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്നു.
2018-ൽ അദ്ദേഹം കോൺഗ്രസ് വിട്ട് എൻസിപിയിലെത്തി.1935 ഒക്ടോബർ 22-ന് കോലാപൂരിലെ കർഷക കുടുംബത്തിലാണ് ഡി.വൈ. പാട്ടീലിന്റെ ജനനം. കോലപൂർ രാജാറാം കോളേജിൽനിന്ന് ബിരുദപഠനം പൂർത്തിയാക്കിയശേഷം ശിവാജി സർവകലാശാലയിൽനിന്ന് നിയമബിരുദവും നേടി. മഹാരാഷ്ട്രയിൽ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവായിരുന്ന കാലത്താണ് ഡി.വൈ. പാട്ടീൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കുന്നത്. ഡിവൈ പാട്ടീൽ ഗ്രൂപ്പിന് കീഴിൽ വിവിധയിടങ്ങളിലായി സ്കൂളുകൾ, ജൂനിയർ കോളേജുകൾ, ആർട്സ്-സയൻസ് കോളേജുകൾ, എൻജിനീയറിങ് കോളേജുകൾ, മെഡിക്കൽ, ദന്തൽ, നഴ്സിങ് കോളേജുകൾ, ബിസിനസ് സ്കൂളുകൾ തുടങ്ങിയവ ആരംഭിച്ചു.
കോലാപൂർ, നവിമുംബൈ, പൂണെ തുടങ്ങിയ സ്ഥലങ്ങളിലായി നിരവധി കാമ്പസുകളാണ് ഡിവൈ പാട്ടീൽ ഗ്രൂപ്പ് സ്ഥാപിച്ചത്. ഇവയിൽ പല സ്ഥാപനങ്ങളും പിന്നീട് സർവകലാശാലകളായി. ഡിവൈ പാട്ടീൽ ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ ഗ്രൂപ്പുകളിലൊന്നായി.
1957ൽ കോലാപൂർ മുനിസിപ്പൽ കൗൺസിലറായാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ അരങ്ങേറ്റം. കോൺഗ്രസിന്റെ മുനിസിപ്പൽ കൗൺസിലറായിരുന്ന ഡി.വൈ. പാട്ടീൽ 1967ലും 1972ലും മഹാരാഷ്ട്ര നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാൻഹാല മണ്ഡലത്തിൽനിന്നാണ് അദ്ദേഹം കോൺഗ്രസിന്റെ എംഎൽഎയായത്.
2009 നവംബറിൽ ത്രിപുര ഗവർണറായി ഡി.വൈ. പാട്ടീലിനെ നിയമിച്ചു. 2012-ൽ ബിഹാർ ഗവർണറായ അദ്ദേഹം 2014-ൽ പശ്ചിമബംഗാളിന്റെ അധികച്ചുമതലയും വഹിച്ചിരുന്നു.ഡി.വൈ. പാട്ടീലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൾ അനുശോചിച്ചു. വിദ്യാഭ്യാസമേഖലയിലെ പ്രവർത്തനങ്ങളിലൂടെയും ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെയും സമൂഹത്തെ സേവിക്കാൻ മുൻനിരയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു ഡി.വൈ. പാട്ടീൽ എന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
