സർക്കാർ ബസുകളിൽ സൗജന്യ യാത്ര; സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാനൊരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു: ‘ശക്തി സ്കീം’ പദ്ധതി വഴി സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യുന്നതിനായി വനിതകൾക്ക് സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാൻ ഒരുങ്ങി കർണാടക സർക്കാർ. സൗജന്യ ബസ് യാത്ര ആനുകൂല്യം ലഭിക്കുന്നതിനുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡായി ഈ സ്മാർട്ട് കാർഡുകൾ പ്രവർത്തിക്കും. പുതിയതായി ചുമതലയേറ്റ ഗതാഗത മന്ത്രി ബൈരതി സുരേഷ് ആണ് ഇക്കാര്യം അറിയിച്ചത്. വനിതകൾക്ക് പുറമെ ഈ പ്രീപെയ്ഡ് റീചാർജ് ചെയ്യാവുന്ന സ്മാർട്ട് കാർഡ് സംവിധാനം പുരുഷന്മാർക്കും ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വളരെ കുറഞ്ഞ വിലയ്ക്ക് സ്ത്രീകൾക്ക് ഈ കാർഡുകൾ വാങ്ങാമെങ്കിലും അവർക്കത് റീചാർജ് ചെയ്യേണ്ടതില്ല. എന്നാൽ പുരുഷന്മാർ നമ്മ മെട്രോ സ്മാർട്ട് കാർഡുകൾക്ക് സമാനമായി ഈ കാർഡുകൾ റീചാർജ് ചെയ്ത് ഉപയോഗിക്കേണ്ടി വരും.

സംസ്ഥാനത്തുടനീളം ഏകദേശം മൂന്ന് കോടി സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത്രയും വലിയ തോതിലുള്ള വിതരണമായതിനാൽ കാർഡ് നിർമ്മാണത്തിനായി ഉടൻ തന്നെ ആഗോള ടെൻഡർ ക്ഷണിക്കും. ഇതിന്‍റെ ഭാഗമായി ആദ്യഘട്ടത്തിൽ പൈലറ്റ് പ്രൊജക്റ്റ് അടിസ്ഥാനത്തിൽ വിതരണം ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കോൺഗ്രസ് സർക്കാരിന്‍റെ അഞ്ച് മുൻനിര ഗ്യാരന്‍റികളിൽ ഒന്നായ ശക്തി പദ്ധതി ജൂൺ 11ഓടെ വിജയകരമായി മൂന്ന് വർഷം പൂർത്തിയാക്കുകയാണ്. പദ്ധതി ആരംഭിച്ചതിന് ശേഷം ബസുകളിലെ യാത്രാക്കാരുടെ എണ്ണത്തിൽ 40 ശതമാനത്തിന്‍റെ വർദ്ധനവുണ്ടായതായി മന്ത്രി പറഞ്ഞു. യാത്രാക്ലേശം പരിഹരിക്കുന്നതിനായി സംസ്ഥാന ഫണ്ട് ഉപയോഗിച്ച് 1,000 പുതിയ ബസുകളും, കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക സഹായത്തോടെ 4,000 ഇലക്ട്രിക് ബസുകളും വാങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ശക്തി പദ്ധതിക്കായി സർക്കാർ 19,771 കോടി രൂപയാണ് ചിലവഴിച്ചത്. ഈ കാലയളവിൽ 753.7 കോടി സൗജന്യ ടിക്കറ്റുകൾ സ്ത്രീകൾക്കായി വിതരണം ചെയ്തു. ഇതിൽ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലാണ് ഏറ്റവും കൂടുതൽ വനിതാ യാത്രക്കാർ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയത്. അതേസമയം, കർണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ ഡി കെ ശിവകുമാർ സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി സൗജന്യ ബസ് പാസ് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻപ് പെൺകുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന യാത്രാ ആനുകൂല്യം ആൺകുട്ടികളുടെ കൂടി നിരന്തരമായ ആവശ്യത്തെ തുടർന്നാണ് വിദ്യാർത്ഥികൾക്ക് പൊതുവായി വ്യാപിപ്പിച്ചത്. ഈ ആനുകൂല്യം ആവശ്യമുള്ള വിദ്യാർത്ഥികൾ ബസ് പാസുകൾക്കായി ഔദ്യോഗികമായി അപേക്ഷിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *