ജമ്മു മുതൽ കശ്മീർ വരെ; പുതിയ വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്ത് അശ്വിനി വൈഷ്ണവ്

ശ്രീന​ഗ‍ർ: ജമ്മു മുതൽ കശ്മീർ വരെ ഇനി വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തും. ജമ്മുവിനും ശ്രീനഗറിനും ഇടയിലെ ആദ്യ വന്ദേ ഭാരത് ട്രെയിൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫ്ലാഗ് ഓഫ് ചെയ്തു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നേരത്തെ ശ്രീനഗറിനും കത്രയ്ക്കും ഇടയിൽ ഉണ്ടായിരുന്ന സർവീസാണ് ജമ്മുവിലേക്കും നീട്ടിയത്. കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് 20 ആയും ഉയർത്തിയിട്ടുണ്ട്.

പുതിയ വന്ദേഭാരത് ട്രെയിൻ ജമ്മുവിനും ശ്രീനഗറിനും ഇടയിലെ യാത്രാസമയം നാല് മണിക്കൂർ 50 മിനിറ്റായി കുറയ്ക്കും.ഏകദേശം 266 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ രണ്ട് ട്രെയിനുകൾ സർവീസ് നടത്തും. ജമ്മു താവി റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 6:20ന് പുറപ്പെടുന്ന ആദ്യ ട്രെയിൻ രാവിലെ 11:10ന് ശ്രീനഗറിൽ എത്തിച്ചേരും. കത്രയിലെ ശ്രീമാതാ വൈഷ്ണോ ദേവി, റിയാസി, ബനിഹാൾ എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.

ശ്രീനഗറിൽ നിന്ന് വൈകുന്നേരം രണ്ടുമണിക്ക് തിരിക്കുന്ന ഇതേ ട്രെയിൻ വൈകുന്നേരം 6:50ന് ജമ്മു താവിയിൽ എത്തിച്ചേരും. ചൊവ്വാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും ട്രെയിനിന് സർവീസ് ഉണ്ടാകും.ശ്രീനഗറിൽ നിന്ന് രാവിലെ എട്ടുമണിക്ക് പുറപ്പെടുന്ന രണ്ടാമത്തെ ട്രെയിൻ ) ഉച്ചയ്ക്ക് 12:40 ഓടെ ജമ്മു താവിയിൽ എത്തിച്ചേരും. ബനിഹാൾ, കത്ര എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും. ഉച്ചയ്ക്ക് 1:20ന് ജമ്മു താവിയിൽ നിന്ന് തിരിക്കുന്ന ട്രെയിൻ വൈകുന്നേരം ആറുമണിക്ക് ശ്രീനഗറിൽ എത്തിച്ചേരും. മെയ് രണ്ട് മുതൽ പുതിയ ട്രെയിനുകൾ ജമ്മു – ശ്രീനഗർ റൂട്ടിൽ സർവീസ് ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *