സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,515 രൂപയും പവന് 1,08,120 രൂപ എന്ന നിരക്കിലുമാണ് വില. ഒക്ടോബറിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ ദിവസം പവൻ വില 600 രൂപ കുറവ് രേഖപ്പെടുത്തിയിരുന്നു. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് കേരളത്തിലും പ്രതിഫലിച്ചത്. കഴിഞ്ഞ 5 ദിവസത്തിനിടെ സ്വർണവില പവന് 2,920 രൂപയും ഗ്രാമിന് 365 രൂപയുമാണു കുറഞ്ഞത്.അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകൾ, പലിശനിരക്കുകളെക്കുറിച്ചുള്ള പ്രതീക്ഷകൾ, ഡോളറിന്റെ മൂല്യം, രൂപയുടെ വിനിമയനിരക്ക് എന്നിവയെല്ലാം സ്വർണവിപണിയിൽ നിർണായകമാണ്.
അമേരിക്കൻ കേന്ദ്രബാങ്കിന്റെ പലിശനയത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും രാജ്യാന്തര വിപണിയിലെ ചലനങ്ങളും സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകാമെന്നാണ് വിപണി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യാന്തര തലത്തിൽ ട്രോയ് ഔൻസിന് 4,170 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.ഈ മാസം 10,11 തീയതികളിൽ റെക്കോർഡ് ഉയരത്തിലായിരുന്നു സ്വർണ വില. അന്ന് ഒരു പവന് 1,11,040 എന്ന നിലയും, ഗ്രാമിന് 13,880 രൂപയുമായിരുന്നു നിരക്ക്. വിവാഹ സീസൺ അടുത്തുവരുന്ന പശ്ചാത്തലത്തിൽ വിലയിലുണ്ടായ ഈ കുറവ് സാധാരണക്കാരായ ഉപഭോക്താക്കൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്.
വരും ദിവസങ്ങളിലും ഈ കുറവ് തുടരുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.അതേസമയം പവന് 1,08,120 രൂപയാണ് അടിസ്ഥാന സ്വർണവിലയാണെന്നിരിക്കെ, ഒരു പവൻ ആഭരണം വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ ഏകദേശം 1.17 ലക്ഷം രൂപ ചെലവാകും. ഉദാഹരണത്തിന്, 5 ശതമാനം പണിക്കൂലി കണക്കാക്കിയാൽ 5,406 രൂപയാണ് പണിക്കൂലി. ഇതോടെ സ്വർണവിലയും പണിക്കൂലിയും ചേർത്ത് 1,13,526 രൂപയാകും. ഇതിന് പുറമെ 3 ശതമാനം ജിഎസ്ടിയായി 3,405.78 രൂപയും ഹോൾമാർക്കിങ് ചാർജായി ഏകദേശം 45 രൂപയും കൂടി കണക്കാക്കിയാൽ ഒരു പവൻ ആഭരണത്തിന്റെ ആകെ വില ഏകദേശം 1,16,977 രൂപ വരും.



